ജിദ്ദ: ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി രാജീവ്ഗാന്ധി യുടെ 79-ാം ജന്മദിനത്തോടനുബന്ധിച്ച് സദ്ഭാവനാദിനം ആചരിച്ചു. കെ.പി.സി.സി ഐ.ടി സെൽ അംഗം ഇക്ബാൽ പൊക്കുന്ന് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് നൗഷാദ് അടൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മാമദ് പൊന്നാനി രാജീവ്ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ആധുനിക ഇന്ത്യയെ ലോകോത്തര നിലവാരത്തിൽ എത്തിക്കുവാൻ വേണ്ട നടപടികൾ സ്വീകരിച്ച രാജീവ്ഗാന്ധിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ് ഇന്ത്യയിലെ ഐ.ടി വിപ്ലവം, ടെലികോം വിപ്ലവം എന്നിവ സാധ്യമായതെന്ന് 'നെഹ്റു, സ്വാതന്ത്ര്യസമരം, സവർക്കർ ഒരു പുനർവായന' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഇക്ബാൽ പൊക്കുന്ന് അഭിപ്രായപ്പെട്ടു.
വിവിധ കാലങ്ങളിലായി 10 വർഷത്തോളം സ്വാതന്ത്ര്യസമരം നയിച്ച് ജയിൽ ശിക്ഷ അനുഭവിച്ചിട്ടും സ്വാതന്ത്ര്യസമര ചരിത്രത്താളുകളിൽ നിന്നും നെഹ്റുവിനെ തിരസ്കരിച്ചുകൊണ്ട് ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി ജയിൽ മോചിതനായി ഹൈന്ദവതക്ക് വേണ്ടി മാത്രം ജീവിച്ച സവർക്കറെ മഹത്വവത്കരിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന കൊടും വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. പവിത്രമായ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തെ വികലമാക്കുന്ന ശക്തികളെ കരുതിയിരിക്കണമെന്നും വരുന്ന തലമുറയെ യഥാർഥ ചരിത്രം മനസ്സിലാക്കി കൊടുക്കാൻ ഒ.ഐ.സി.സി നേതൃത്വം നൽകുമെന്നും യോഗം തീരുമാനിച്ചു. അബ്ദുൽ മജീദ് നഹ, അലി തേക്ക്തോട്, അഷ്റഫ് വടക്കേകാട്, ബഷീർ പരുത്തിക്കുന്നൻ, യൂനുസ് കാട്ടൂർ എന്നിവർ നേതൃത്വം നൽകി. ശ്രീജിത്ത് കണ്ണൂർ സ്വാഗതവും അസ്സഹാബ് വർക്കല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.