ജിദ്ദ : ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിമെതിച്ചു ഹീന മാർഗങ്ങളിലൂടെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ നിർവീര്യമാക്കാനുള്ള ശ്രമങ്ങൾ മോദിയും ബി.ജെ.പിയും നടത്തിയിട്ടും അതിനെയൊക്കെ മറികടന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും ഇൻഡ്യ മുന്നണിയും നേടിയ വലിയ മുന്നേറ്റം ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആവേശകരമാണെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചതുൾപ്പെടെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് കോൺഗ്രസ് കൈവരിച്ച മുന്നേറ്റം രാഹുൽ ഗാന്ധിയുടെ ഇച്ഛാശക്തിയുടെയും കഠിനാധ്വാനത്തിന്റെയും ഭാരത് ജോടോ യാത്ര ഉൾപ്പെടെയുള്ള ജനകീയ മുന്നേറ്റങ്ങളുടെയും ഫലമാണ്. പ്രധാനമന്ത്രി പച്ചക്കു വർഗീയ വിദ്വേഷ പ്രസംഗത്തിൽ ശ്രദ്ധയൂന്നിയപ്പോൾ കോൺഗ്രസ് ‘ന്യായ്’ ഉൾപ്പെടെയുള്ള ജനകീയ പദ്ധതികളും ജീവൽപ്രശ്നങ്ങളുമാണ് പ്രചാരണമാക്കിയത്.
തെരഞ്ഞെടുപ്പിലെ മുന്നേറ്റം രാഹുൽ ഗാന്ധിയുടെ വൻവിജയവും മോദിപ്രഭാവത്തിനേറ്റ വലിയ ഇടിവുമാണ്. പ്രധാനമന്ത്രിയുടെ ഭൂരിപക്ഷം ക്രമാതീതമായി കുറഞ്ഞതും അയോധ്യയിൽ പോലും ബി.ജെ.പി പരാജയപ്പെട്ടതും വർഗീയ രാഷ്ട്രീയത്തിന് അധിക കാലം ആയുസ്സില്ല എന്ന് തെളിയിക്കുന്നതാണ്. സംസ്ഥാന സർക്കാറിനെതിരെയുള്ള ജനങ്ങളുടെ ഭരണവിരുദ്ധ വികാരം യു.ഡി.എഫിന്റെ തിളക്കമാർന്ന വിജയത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. മോദിയുടെ വർഗീയ രാഷ്ട്രീയത്തോട് സമരസപ്പെട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും നയങ്ങളോടുള്ള ശക്തമായ എതിർപ്പും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഭരണഘടന തിരുത്തി സംഘ്പരിവാർ അജണ്ട നടപ്പാക്കാനുള്ള ബി.ജെപിയുടെ ശ്രമങ്ങൾക്കേറ്റ വലിയ തിരിച്ചടിയായി വിജയത്തെ കാണുന്നതായി ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അഭിപ്രായപ്പെട്ടു. ബി.ജെ.പി യെ പരാജയപ്പെടുത്തുന്നതിന് ഇൻഡ്യസഖ്യ രൂപവത്കരണത്തിന് നേതൃത്വം നൽകിയ എ.ഐ.സി.സി നേതൃത്വത്തിന്റെ ചടുലമായ നീക്കങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.