ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ അഭാവം ഇന്ത്യൻ ജനത ദുരിത പൂർണമായി അനുഭവിക്കുകയാണെന്നും, രാജീവ് ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ സാമ്പത്തികമായും സാങ്കേതികമായും സാമൂഹികവുമായ അവസ്ഥ വളരെ ഉയർന്ന നിലവാരത്തിലാവുമായിരുന്നെന്നും ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി ഐ.ടി സെൽ മിഡിൽ ഈസ്റ്റ് കൺവീനർ എൻജിനീയർ ഇഖ്ബാൽ പൊക്കുന്ന് അഭിപ്രായപ്പെട്ടു. സംഘ് പരിവാർ ഭരണകൂടം ഇന്ത്യയെ അയൽ രാജ്യമായ ശ്രീലങ്കയുടെ സ്ഥിതിയിലേക്കാണ് കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീർഘവീക്ഷണത്തോടെ നിരവധി കർമപദ്ധതികൾക്ക് രാജീവ് ഗാന്ധി രൂപം നൽകി. വോട്ടവകാശത്തിന് 18 വയസ്സായി ഭരണഘടന ഭേദഗതി വരുത്തി. പഞ്ചായത്തീരാജ്, നഗരപാലിക ബിൽ നടപ്പാക്കിയ, ശാസ്ത്ര സാങ്കേതിക, വാർത്ത വിനിമയ രംഗത്ത് വൻ കുതിപ്പിലേക്ക് ഇന്ത്യയെ നയിച്ച രാജീവ് ഗാന്ധിയുടെ ഘാതകർക്ക് മാപ്പ് കൊടുത്ത് ജയിൽ മോചിതയാക്കിയത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല.
അങ്ങനെയെങ്കിൽ ഇന്ത്യയിൽ 75 ശതമാനത്തോളം ആളുകൾ ജയിലിൽ വിചാരണത്തടവുകാരായി വർഷങ്ങളോളം ജയിൽശിക്ഷ അനുഭവിക്കുന്നത് അനീതിയാണെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്നും ചടങ്ങിൽ പ്രസംഗകർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് സാക്കിർ ഹുസൈൻ എടവണ്ണ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ അലി തേക്കുതോട്, മുജീബ് മൂത്തേടം, നാഷനൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീൻ മണനാക്ക്, ഓഡിറ്റർ വിലാസ് അടൂർ, ചേതന കൺവീനർ യൂനുസ് കാട്ടൂർ, വിവിധ ജില്ല കമ്മിറ്റി ഭാരവാഹികളായ അസ്ഹാബ് വർക്കല, രാധാകൃഷ്ണൻ കാവുമ്പായ് , സഹീർ ചെറുത്തിരുത്തി, പ്രിൻസാദ് കോഴിക്കോട്, അയ്യൂബ് പന്തളം, ഉമ്മർ കോയ കോഴിക്കോട്, ഉസ്മാൻ കരുവാരക്കുണ്ട്, സമീർ നദ്വി, നാസർ സൈൻ, ഗഫൂർ ചെമ്പകുത്ത്, അൻവർ കല്ലമ്പലം, മജീദ് കാലിക്കര, ഹുസൈൻ ബാലരാമപുരം, രവീന്ദ്രൻ കോഴിക്കോട്, ഷറഫുദ്ദീൻ പത്തനംതിട്ട, നവാസ്, അബ്ദുൽ സലാം, സഫീർ അലി, മുഹമ്മദലി മണ്ണാർക്കാട്, സഫീർ നാസ് തിരുനാവായ എന്നിവർ സംസാരിച്ചു. ഇന്ത്യയുടെ അഖണ്ഡതയും മതേതരത്വവും കാത്തു സൂക്ഷിക്കുമെന്നും ഇന്ത്യൻ നാഷനൽ കോൺഗ്രസിനോട് ഐക്യദാർഢ്യവും പ്രഖ്യാപിച്ച് പങ്കെടുത്തവർ പ്രതിജ്ഞ ചെയ്തു. ജനറൽ സെക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും സിദ്ദീഖ് ചോക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.