ജിദ്ദ: ഒമിക്രോൺ വൈറസ് വ്യാപനത്തെത്തുടർന്ന് സൗദി യാത്രവിലക്കേർപ്പെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടത്തിൽ നൈജീരിയയെയും ഉൾപ്പെടുത്തി. സൗദിയിൽനിന്ന് നൈജീരിയയിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയതായി സൗദി സിവിൽ ഏവിയേഷൻ അറിയിച്ചു. നൈജീരിയയിൽ കഴിഞ്ഞ ദിവസം ആറുപേർക്ക് ഒമിക്രോൺ വൈറസ് കണ്ടെത്തിയതിനെത്തുടർന്നാണ് യാത്രവിലക്ക്. ഇതോടെ ഈ വിഭാഗത്തിൽ സൗദി അറേബ്യ വിലക്കേർപ്പെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം 15 ആയി. യാത്രവിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽനിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നിലവിൽ വിലക്കേർപ്പെടുത്താത്ത രാജ്യങ്ങളിൽ 14 ദിവസം താമസിക്കൽ നിർബന്ധമാണ്. ഇവർ സൗദിയിലെത്തിയതിനു ശേഷം അഞ്ചു ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയണം.
രാജ്യത്തെത്തി 24 മണിക്കൂറിനുള്ളിലും അഞ്ചാംദിവസവും ഇവർ പി.സി.ആർ കോവിഡ് പരിശോധന നടത്തുകയും വേണം. എന്നാൽ, ഈ രാജ്യങ്ങളിൽനിന്നെത്തുന്ന സ്വദേശി പൗരന്മാര്ക്ക് അഞ്ചു ദിവസത്തെ ഹോം ക്വാറൻറീനാണ് നിര്‍ബന്ധമെന്നും ഇവരും ഒന്നാം ദിവസവും അഞ്ചാം ദിവസവും പി.സി.ആർ കോവിഡ് പരിശോധന നടത്തണമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഒമിക്രോണ്‍ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബൊട്സ്വാന, സിംബാബ്വെ, മൊസാംബീക്, എസ്വതീനി, ലിസോത്തോ, മലാവി, സാംബിയ, മഡഗാസ്കർ, അംഗോള, സീഷെൽസ്, മൊറീഷ്യസ്, കൊമോറോസ് എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും നേരത്തെ സൗദി യാത്രവിലക്കേർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.