റിയാദ്: സൗദി അറേബ്യയിലും തുടർന്ന് യു.എ.ഇയിലും കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ സൗദിയിലേക്കു വരാൻ ദുബൈയിൽ ഇടതാമസത്തിനെത്തിയ പ്രവാസികൾ ആശങ്കയിൽ. ക്വാറൻറീൻ 14 ദിവസം തികക്കാൻ കാത്തുകഴിയുന്നവരാണ്, പുതിയ വകഭേദത്തിൽ തട്ടി വീണ്ടും യാത്രാമാർഗം അടയുമോ എന്ന ഭയത്തിൽ കഴിയുന്നത്. നിരവധി മലയാളികൾ ഇങ്ങനെ ദുബൈയിലുണ്ട്.
നാട്ടിൽനിന്ന് സൗദിയിലേക്ക് തിരിച്ചവരാണ് എല്ലാം. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് സൗദി അറേബ്യ നീക്കിയ ഡിസംബർ ഒന്നിനു മുമ്പ് ദുബൈയിൽ എത്തിയവരാണ് എല്ലാം. നിരോധനം നീക്കും മുമ്പ് 14 ദിവസം മറ്റൊരു രാജ്യത്ത് തങ്ങിയശേഷമേ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ആ നിബന്ധന പാലിക്കാനാണ് പ്രവാസികൾ യു.എ.ഇയിൽ എത്തിയത്.
ഒരു വർഷവും അതിൽ കൂടുതലുമായി സൗദിയുടെ യാത്രാവിലക്ക് കാരണം നാട്ടിൽ കുടുങ്ങിപ്പോയ നിരവധി പ്രവാസികളാണ് ഇപ്പോൾ സൗദിയിലേക്ക് മടങ്ങുന്നതിനായി ദുബൈയിൽ എത്തി ക്വാറൻറീനിൽ കഴിയുന്നത്. ഒമിക്രോൺ ഇരു രാജ്യങ്ങളിലും സ്ഥിരീകരിച്ചതോടെ യാത്രയുടെ ആശങ്കയിലാണ് ഇവർ. ഇനിയും ഏതെങ്കിലും തരത്തിലുള്ള യാത്രാനിയന്ത്രണങ്ങൾ ഇരു രാജ്യങ്ങളിലും പ്രഖ്യാപിക്കപ്പെടുമോ എന്ന ആശങ്കയിലും സംശയത്തിലുമാണ് അവർ അകപ്പെട്ടിരിക്കുന്നത്. വിമാനങ്ങളിലും ബസുകളിലുമായി സൗദിയിലേക്ക് മടങ്ങുന്നതിനായി ടിക്കറ്റ് എടുത്ത് ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് ഇവർ.
പലരും കടം വാങ്ങിയും മറ്റും സ്വരൂപിച്ച പണം ചെലവഴിച്ചാണ് ദുബൈ വഴിയുള്ള ചെലവേറിയ യാത്രക്ക് പുറപ്പെട്ടത്. ചിലരാകട്ടെ തങ്ങൾ ജോലി ചെയ്യുന്ന കമ്പനിയിൽനിന്ന് യാത്രാബത്തയും മറ്റും ഗഡുക്കളായി തിരിച്ചടച്ചുകൊള്ളാമെന്നുള്ള വ്യവസ്ഥയിൽ കൈപ്പറ്റിയാണ് പുറപ്പെട്ടിരിക്കുന്നത്. ഇങ്ങനെ ദുബൈയും ഷാർജയും അജ്മാനും ഇടത്താവളമാക്കിയിരിക്കുകയാണ് ഇവരെല്ലാം.
പുതിയ വൈറസിെൻറ സ്ഥിരീകരണം യാത്രക്ക് ഏറെ ആശങ്ക ഉയർത്തുവെന്ന് ഇപ്പോൾ അജ്മാനിൽ ക്വാറൻറീനിൽ കഴിയുന്ന റിയാദ് യാത്രക്കാരൻ മുഹമ്മദ് സാലി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. യാത്രക്ക് തടസ്സങ്ങൾ ഉണ്ടാകില്ലെന്ന ആരോഗ്യ മന്ത്രാലയത്തിെൻറ ഉറപ്പ് ഏറെ ആശ്വാസം നൽകുന്നെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.