മത്ര: മത്രയിലെ ആദ്യകാല പ്രവാസികളിലൊരാൾ കൂടി നാടണയുന്നു. മത്ര അരീനയില്‍ ലേഡീസ് ടെയ്ലറായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ മയ്യില്‍ കയരളം സ്വദേശി മുരളി തിങ്കളാഴ്ച കണ്ണൂരിനുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് മടങ്ങുന്നത്.
1991 തുടക്കത്തില്‍ ഒമാനിലെത്തിയ മുരളി 30 വര്‍ഷം ജീവിതം തുന്നിപ്പിടിപ്പിച്ചത് മത്ര ലേഡീസ് മാർക്കറ്റിനകത്തുള്ള തയ്യൽകടയിലൂടെയാണ്. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം നേട്ടമല്ലാതെ കോട്ടമൊന്നും വരുത്തിയിട്ടില്ല. മെച്ചെപ്പട്ട ജീവിതാവസരം നേടിയെടുക്കാന്‍ സാധിച്ചതില്‍ ഒമാനോട് എന്നും കടപ്പെട്ടിരിക്കുമെന്നാണ് മുരളി പറയുന്നത്.
വീട് വെക്കാന്‍ സാധിച്ചു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും അവരെ നല്ല നിലയില്‍ കെട്ടിച്ചയക്കാനും സാധിച്ചതും ഇവിടെ ജോലിചെയ്തുതന്നെയാണ്. വളരെ സൗഹാര്‍ദത്തോടെ സഹകരിക്കുന്ന കസ്റ്റമേഴ്സും നാട്ടുകാരും ആയതിനാലാണ് പ്രവാസം മടുക്കാതെ ഇങ്ങനെ നീണ്ടതെന്നും മുരളി പറയുന്നു.
നിര്ത്തിപ്പോകണമെന്ന ആഗ്രഹം സ്പോണ്സറുമായി പങ്കുവെച്ചപ്പോള്‍ അനുമതി കൊടുത്തിരുന്നില്ല. ശിഷ്ടകാലം കൃഷിയും സജീവ രാഷ്ട്രീയ പ്രവര്‍ത്തനവുമൊക്കെയായി കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്. ജോലിക്കൊപ്പം സാമൂഹിക പ്രവര്‍ത്തന മേഖലയെയും ഒപ്പം കൊണ്ടുപോകാന്‍ സാധിച്ചതില്‍ സംതൃപ്തി തോന്നുന്നതായി മുരളി പറയുന്നു. ഒമാനെ വിറപ്പിച്ച ഗോനു പ്രളയസമയത്ത് ആഴ്ചകളോളം വെള്ളം കിട്ടാതെ വിഷമിച്ചപ്പോള്‍ രാപ്പകലെന്നില്ലാതെ ജലവിതരണത്തില്‍ വ്യാപൃതനാകാന്‍ സാധിച്ചത് മറക്കാന്‍ കഴിയാത്ത ഓര്‍മകളാണ്.
താമസസ്ഥലത്തോട് ചേര്‍ന്നുള്ള കിണറില്‍നിന്നും മോട്ടോറടിച്ച് വെള്ളത്തിനായി വരുന്നവർക്കൊക്കെ നൽകിയതും കുളിക്കാനും നനക്കാനും സൗകര്യം ചെയ്തുനല്കാനായതും മനസ്സിന് സംതൃപ്തി നൽകുന്ന അനുഭവങ്ങളാണെന്ന് മുരളി പറയുന്നു. ഇടതുപക്ഷ സാംസ്കാരിക സംഘടനയായ കൈരളിയുടെ മത്ര മേഖലയിലെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായ ഇദ്ദേഹം മത്രക്കാരുടെ പ്രിയപ്പെട്ട സഖാവ് മുരളിയേട്ടനാണ്. ഭാര്യയും രണ്ടു പെണ്‍മക്കളുമടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.