ജിദ്ദ: സൗദിയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം പൂർത്തിയായി. കഴിഞ്ഞ വർഷം മാർച്ച് രണ്ടിനാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വിവരം സൗദി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇറാനിൽനിന്ന് ബഹ്റൈൻ വഴി സൗദിയിലേക്കു കടന്ന സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രവേശനകവാടത്തിൽ കോവിഡുള്ള കാര്യം ഇയാൾ വെളിപ്പെടുത്തിയിരുന്നില്ല. മുൻകരുതൽ നടപടികളുടെ ഭാഗമായി ആരോഗ്യസംഘം സ്വദേശിയുടെ സാമ്പിളെടുത്ത് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യ മന്ത്രാലയം കോവിഡ് പ്രതിരോധ, ചികിത്സ മാർഗങ്ങൾ രാജ്യവ്യാപകമായി കർശനമാക്കുകയായിരുന്നു.
ചികിത്സക്കും ക്വാറൻറീനും കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കി. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലെ ബെഡുകളുടെ എണ്ണം കൂട്ടി. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താനും മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും വിവിധ വകുപ്പുകളുൾപ്പെട്ട പ്രത്യേക സംഘത്തെ നിയോഗിച്ചു. ഒാരോ ദിവസവും കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി. കോവിഡ് വ്യാപനം തടയാൻ പല തീരുമാനങ്ങളും പുറപ്പെടുവിച്ചു. രോഗപ്രതിരോധ മാർഗങ്ങൾ ശക്തമാക്കി. പ്രവേശനകവാടങ്ങൾ അടച്ചു.
ഘട്ടങ്ങളായി രാജ്യത്തുടനീളം ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇരുഹറമുകളിലും പള്ളികളിലും ആളുകളെത്തുന്നതിന് വിലക്കേർപ്പെടുത്തി. ഒാഫിസുകളും സ്ഥാപനങ്ങളും കച്ചവടകേന്ദ്രങ്ങളും ഭാഗികമായി പ്രവർത്തിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. ആഘോഷങ്ങൾക്കും പരിപാടികൾക്കും വിലക്കേർപ്പെടുത്തി. പ്രതിരോധത്തിനും ചികിത്സക്കും ബജറ്റിൽ കോടികൾ വകയിരുത്തി. മുഴുവനാളുകൾക്കും ചികിത്സ സൗജന്യമാക്കി. കോവിഡ് പ്രത്യാഘാതങ്ങൾ നേരിടാനും വിവിധ വകുപ്പുകൾ ആശ്വാസ പാക്കേജുകൾ പുറത്തിറക്കി.
ഭരണകൂടം കോവിഡ് പ്രതിരോധ വാക്സിൻ ആളുകൾക്ക് ലഭ്യമാക്കാൻ അന്താരാഷ്ട്ര രംഗത്ത് വേണ്ട ശ്രമങ്ങൾ നടത്തുകയും സഹായങ്ങൾ നൽകുകയും ചെയ്തു. ഗവൺമെൻറ് സ്വീകരിച്ച കർശന നിയന്ത്രണങ്ങളും തീരുമാനങ്ങളും ചികിത്സസൗകര്യങ്ങളും കാരണം കോവിഡ് വ്യാപനം കുറക്കാനും ബാധിതരുടെ എണ്ണം പരിമിതപ്പെടുത്താനും കഴിഞ്ഞു. വാക്സിൻ ലഭ്യമായപ്പോൾ അത് ലഭിച്ച ആദ്യ രാജ്യങ്ങളിലൊന്നായി. കോവിഡ് നിയന്ത്രണത്തിന് സൗദി അറേബ്യ സ്വീകരിച്ച നടപടികൾ പല രാജ്യങ്ങളുടെയും പ്രശംസം പിടിച്ചുപറ്റി.
കോവിഡ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം പിന്നിടുന്ന ഇൗ വേളയിലും സൗദിയിൽ ആരോഗ്യ മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും കർശനമായി തുടരുകയാണ്. രോഗ വ്യാപനം പൂർണമായും തടയുന്നതിനായി സ്വദേശികൾക്കും താമസക്കാർക്കും സൗജന്യമായി വാക്സിനുകൾ നൽകുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. വാക്സിനെടുക്കുന്ന നിരവധി കേന്ദ്രങ്ങളാണ് വിവിധ മേഖലകളിൽ ആരോഗ്യ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. ഏകദേശം എട്ടു ലക്ഷത്തോളം പേർ ഇതിനകം വാക്സിൻ കുത്തിവെപ്പെടുത്തതായാണ് കണക്ക്. രോഗബാധിതരുടെ എണ്ണത്തിലും അടുത്തിടെ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കണക്കനുസരിച്ച് ഇതുവരെ 3,77,700 പേർക്ക് കോവിഡ് ബാധിച്ചു. ഇതിൽ 3,68,640 പേർ സുഖംപ്രാപിച്ചിട്ടുണ്ട്. 6500 പേരാണ് മരിച്ചത്. 2650 പേർ ചികിത്സയിലാണ്.
മദീനയിലും കുറഞ്ഞു
മദീന: കർശന പ്രതിരോധ-ആരോഗ്യ നടപടികൾ നടപ്പാക്കിയതുവഴി മദീനയിൽ കോവിഡ് കേസുകളുടെ എണ്ണം 86 ശതമാനത്തിലധികം കുറക്കാൻ സഹായിച്ചതായി സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ ആൽ പറഞ്ഞു. 'തവക്കൽന'കോവിഡ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചതും അണുബാധ കുറക്കുന്നതിൽ വൻ വിജയമായെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തിയ സമയത്ത് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള പെർമിറ്റുകൾ കൈകാര്യം ചെയ്യുന്നതിനായി കഴിഞ്ഞ മേയ് മാസത്തിലാണ് 'തവക്കൽന'ആപ്ലിക്കേഷൻ ആരംഭിച്ചത്. ആപ്ലിക്കേഷൻ ഉപയോഗിക്കുക വഴി മദീനയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ കോവിഡിെൻറ വ്യാപനവും അപകടസാധ്യതയും വളരെയധികം കുറഞ്ഞിട്ടുണ്ട്. ഗാർഹിക ക്വാറൻറീൻ പാലിക്കുന്നതിലെ വീഴ്ചയും വലിയ സാമൂഹിക ഒത്തുചേരലുകളും മുമ്പ് കേസുകൾ വർധിക്കാൻ കാരണമായതായും ഇത് അപകടകരമായ നിരക്കിൽ ദൈനംദിന കേസുകളുടെ എണ്ണത്തി ൽ ഗണ്യമായ വർധന ഉണ്ടാക്കിയെന്നും ഡോ. മുഹമ്മദ് അൽ അബ്ദുൽ ആൽ പറഞ്ഞു.
ത്വാഇഫിൽ ഒമ്പതു വാക്സിൻ കേന്ദ്രങ്ങൾകൂടി
ത്വാഇഫ്: കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിന് ത്വാഇഫിൽ ഒമ്പതു കേന്ദ്രങ്ങൾകൂടി ആരംഭിച്ചു. ഇതോടെ മൊത്തം കേന്ദ്രങ്ങളുടെ എണ്ണം പത്തായി. ത്വാഇഫ് യൂനിവേഴ്സിറ്റി, കിങ് അബ്ദുൽ അസീസ് സ്പെഷാലിറ്റി ആശുപത്രി, കിങ് ഫൈസൽ മെഡിക്കൽ കോപ്ലക്സ്, മാനസികാരോഗ്യ ആശുപത്രി, കിയാ ജനറൽ ആശുപത്രി, മീസാൻ ജനറൽ ആശുപത്രി, തെക്കൻ ഗവർണറേറ്റിൽ രണ്ടും വടക്ക് ഗവർണേററ്റുകളിൽ നാലും ഹെൽത്ത് സെൻററുകൾ, ഖുർമ ആശുപത്രി, തുർബ ആശുപത്രി, റനിയ ആശുപത്രി, മവിയ ആശുപത്രി, ത്വാഇഫ് യൂനിവേഴ്സിറ്റിക്കു കീഴിലെ സ്പോർട്സ് ഹാൾ എന്നിവിടങ്ങളിലാണ് പുതുതായി വാക്സിൻ നൽകുന്നതിനുള്ള സൗകര്യമൊരുക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
യാംബു റോയൽ കമീഷനിൽ വാക്സിനേഷൻ കേന്ദ്രം
അനീസുദ്ദീൻ ചെറുകുളമ്പ്
യാംബു: കോവിഡ് വാക്സിൻ നൽകുന്നതിനുള്ള കേന്ദ്രം യാംബു റോയൽ കമീഷനിൽ പ്രവർത്തനമാരംഭിച്ചു. റോയൽ കമീഷനിലെ പഴയ മെഡിക്കൽ സെൻറർ കെട്ടിടത്തിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ റോയൽ കമീഷൻ സി.ഇ.ഒ ഡോ. ഫഹദ് അൽ ഖുർഷി ആദ്യ ഡോസ് സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. വിവിധ കമ്പനികളിലെ മാനേജർമാരും വിവിധ വകുപ്പ് മേധാവികളും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 10 വരെ കേന്ദ്രം പ്രവർത്തിക്കും. മുൻഗണനാക്രമത്തിൽ എല്ലാവർക്കും വാക്സിൻ നൽകാനുള്ള സംവിധാനം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ആരോഗ്യസുരക്ഷക്കായി വാക്സിനെടുക്കാൻ സ്വിഹത്തീ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ പൗരന്മാരോടും രാജ്യത്തെ വിദേശികളോടും ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടു. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യസുരക്ഷക്കും കോവിഡ് പ്രതിരോധത്തിനുമുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ മെഡിക്കൽ സെൻറർ സജ്ജമാണ്. രജിസ്റ്റർ ചെയ്തതിെൻറ മുൻഗണനയനുസരിച്ച് ആരോഗ്യ കേന്ദ്രത്തിെൻറ സേവനങ്ങൾ എല്ലാ ഗുണഭോക്താക്കൾക്കും നൽകും. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും അനുസരിച്ചു വേണം മെഡിക്കൽ സെൻററിൽ ആളുകൾ എത്തേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.