ദമ്മാം: സൗദി അറേബ്യയിലെ രാഷ്ട്രീയ-സാമൂഹിക-സംസ്കാരിക മേഖലകളിലെ തെളിഞ്ഞ ചിരിയായി നിറഞ്ഞുനിന്നിരുന്ന പി.എം. നജീബിന്റെ ഓർമക്ക് ഒരു വയസ്സ്. മൂന്നര പതിറ്റാണ്ട് ദമ്മാമിലെ പ്രവാസമണ്ണിൽ നിറഞ്ഞു നിന്ന പി.എം. നജീബ് കഴിഞ്ഞവർഷം മേയ് അഞ്ചിനാണ് കോവിഡ് ബാധിച്ച് മരിച്ചത്. അപ്രതീക്ഷിതമായ നജീബിന്റെ വേർപാട് ദമ്മാമിന്റെ മനസ്സിൽ ഇന്നും ശൂന്യതയായി നിലനിൽക്കുന്നു. ഒന്നാം ചരമവാർഷികത്തിൽ നജീബ് ഭൂരിഭാഗവും ചെലവഴിച്ച ദമ്മാമിലേക്ക് അദ്ദേഹത്തിന്റെ പ്രിയതമയും മക്കളും വീണ്ടുമെത്തിയിരിക്കുകയാണ്. മരണമടയുമ്പോൾ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറായിരുന്നു അദ്ദേഹം.
കെ. കരുണാകരന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന സാദിരിക്കോയയുടെ രണ്ടാമത്തെ മകൻ പി.എം. നജീബ് സൗദിയിൽ കോൺഗ്രസ് സംഘടനയെ കെട്ടിപ്പടുത്ത പ്രധാനിയാണ്. പ്രവാസി ഘടകത്തിന് സൗദിയിൽ ഒ.ഐ.സി.സി എന്ന ഏകരൂപം ഉണ്ടായപ്പോൾ പി.എം. നജീബിനെ പ്രസിഡൻറായി കെ.പി.സി.സി നേതൃത്വം തെരഞ്ഞെടുത്തത് അതുകൊണ്ടാണ്. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സൗഹൃദങ്ങൾ സൂക്ഷിക്കാൻ കഴിഞ്ഞ വ്യക്തിയാണ്. മകളുടെ വിവാഹത്തിനായാണ് ഒരു വർഷം മുമ്പ് നജീബ് നാട്ടിലേക്ക് അവധിയിൽ പോയത്. അതുകഴിഞ്ഞപ്പോഴേക്കും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. സഹോദരൻ പി.എം. നിയാസിന് നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് കിട്ടിയതോടെ യാത്ര നീട്ടിവെച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞതോടെ കോവിഡ് ബാധിതനായി. പിന്നീട് ഈ ലോകത്തോട് വിടപറഞ്ഞു.
ആശുപത്രിയിൽ കഴിയുമ്പോൾ അദ്ദേഹം ദമ്മാമിലെ സുഹൃത്തുക്കൾക്ക് അയച്ച വാട്സ്ആപ് സന്ദേശം ഇന്നും അവർക്ക് വിങ്ങുന്ന ഓർമയാണ്. എല്ലാം തരണം ചെയ്തും താൻ മടങ്ങിവരുമെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. ദീർഘകാലമായി ദമ്മാമിലുണ്ടായിരുന്ന കുടുംബം 2013ൽ ആണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. നജീബ് ഇല്ലാത്ത ദമ്മാമിലേക്ക് റമദാൻ ആദ്യത്തിലാണ് ഭാര്യ സീനത്തും മക്കളായ സന നജീബും മകൻ സഅദ് നജീബും മരുമകൻ മനവ്വൻ ഹുസൈെൻറ അടുത്തേക്ക് എത്തിയത്. ഉപ്പയുടെ ഓർമകൾ ഉറങ്ങുന്ന ഈ മണ്ണ് ഞങ്ങൾക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. ഉപ്പ ഇല്ലാതിരുന്നിട്ടും ഉപ്പയോടുള്ള മറ്റുള്ളവരുടെ സ്നേഹം ഞങ്ങൾ ഇന്നും അനുഭവിക്കുന്നു എന്ന് മകൾ സന 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. വ്യാഴാഴ്ച ദമ്മാം ഒ.ഐ.സി.സി പി.എം. നജീബ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.