റിയാദ്: സൗദി അറേബ്യയിൽ ഓൺലൈൻ വ്യാപാരം അതിദ്രുതം വളരുകയാണെന്ന് പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ലുലുഗ്രൂപ്പിന്‍റെ ഓൺലൈൻ ഷോപ്പിങ് വ്യപാരം രാജ്യത്താകമാനം അഭിവൃദ്ധിപ്പെടുത്തുന്നതിനായി സജ്ജീകരിച്ച ലോജിസ്റ്റിക് കേന്ദ്രം ദമ്മാം ഖാലിദിയയിൽ പ്രവർത്തനം ആരംഭിച്ചു.
30,000 ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക ലോജിസ്റ്റിക്‌സ് സെന്‍ററിൽ പുതിയതും ശീതീകരിച്ചതുമായ ഭക്ഷണങ്ങൾ മുതൽ മറ്റ് പലചരക്ക്, ഇതര ഉൽപ്പന്നങ്ങൾ വരെയുള്ള വിപുലമായ ശേഖരം സൂക്ഷിച്ചിട്ടുണ്ട്. സ്മാർട്ട് വെയർഹൗസിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഉൽപന്നങ്ങൾ ഇവിടെ സ്റ്റോറിൽ സംഭരിച്ചിട്ടുള്ളത്.
ലുലു ഹൈപർമാർക്കറ്റ് കിഴക്കൻ പ്രവിശ്യ റീജനൽ ഡയറക്ടർ അബ്ദുൽ ബഷീറിന്‍റെ സാന്നിദ്ധ്യത്തിൽ അൻവർ അബ്ദുല്ല അൽ മുലൈഫി, അബ്ദുല്ല അൽ ഖഹ്താനി എന്നിവർ ചേർന്ന് ലോജിസ്റ്റിക് സെന്‍റർ ഉദ്ഘാടനം ചെയ്തു. ഗൾഫിൽ ഗ്രൂപ്പിന്‍റെ അഞ്ചാമത്തെയും സൗദി അറേബ്യയിൽ രണ്ടാമത്തേതുമായ ലോജിസ്റ്റിക് സെന്‍ററാണ് ദമ്മാമിൽ ആരംഭിച്ചതെന്ന് ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു.
ഈ പുതിയ ലോജിസ്റ്റിക്‌സ് ഹബ് സൗദിയിലെ തങ്ങളുടെ ഓൺലൈൻ വ്യാപാര പ്രവർത്തനങ്ങളെ സുരക്ഷിതവും സൗകര്യപ്രദവും വേഗതയേറിയതുമാക്കുമെന്നും ഓർഡറുകൾ വേഗത്തിൽ സ്വീകരിക്കുന്നതിനും ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ സാധനങ്ങൾ എളുപ്പത്തിൽ എത്തിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.