ജിദ്ദ: മക്കയിലെ ഹിറ മലക്ക് അരികിലൊരുക്കിയ ‘ഹിറ സാംസ്കാരിക ജില്ല’ ഞായറാഴ്ച ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്യും. മക്ക, മശാഇർ റോയൽ കമീഷന്റെ മേൽനോട്ടത്തിൽ ‘സമായാ’ നിക്ഷേപ കമ്പനിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ചരിത്രപ്രധാന സ്ഥലങ്ങൾ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് വിനോദസഞ്ചാരികൾ കൂടുതലായെത്തുന്ന ഹിറാ ഗുഹ പരിസരത്ത് സാംസ്കാരിക ജില്ല എന്ന പേരിൽ പ്രത്യേക സ്ഥലം വികസിപ്പിച്ചിരിക്കുന്നത്. പ്രവാചകന് ദിവ്യബോധനം ആദ്യമായി ലഭിച്ച സ്ഥലമെന്ന നിലയിൽ ലോക മുസ്ലിംകളുടെ മനഃസാക്ഷിയിൽ വലിയ സ്ഥാനമുള്ള സ്ഥലം കൂടിയാണ് ഹിറാ മല. സ്ഥലത്തിന്റെ സ്വഭാവത്തിനും സന്ദർശകരുടെ ആഗ്രഹങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
വഹ്യ് ഗാലറി, ഖുർആൻ മ്യൂസിയം, ഹിറാ പാർക്ക് തുടങ്ങിയവ ഉൾപ്പെട്ടതാണ് പദ്ധതി. അതിലേറ്റവും പ്രധാനപ്പെട്ടത് ‘വഹ്യ്’ ഗാലറിയാണ്. ഇത് സന്ദർശകനെ ഒരു വൈജ്ഞാനിക യാത്രയിലേക്ക് കൊണ്ടുപോകുന്നതാണ്. മുഹമ്മദ് നബിക്ക് വെളിപാട് ലഭിച്ച ഗുഹയെ പരിചയപ്പെടുത്തുന്നു. അതിനോടൊപ്പമുള്ള പ്രദർശനത്തിൽ അത്യാധുനിക ഓഡിയോ, വിഡിയോ സാങ്കേതികവിദ്യകളും സജ്ജീകരിച്ചിട്ടുണ്ട്. ഹിറാ ഗുഹയുടെ മാതൃകയിൽ ഗുഹയും നിർമിച്ചിട്ടുണ്ട്.
ഖുർആനിന്റെ അപൂർവ കൈയെഴുത്തുപ്രതികളോടു കൂടിയ ഒരു ഖുർആൻ മ്യൂസിയവും കേന്ദ്രത്തിലുണ്ട്. മുതിർന്നവർക്ക് മാത്രമായി പ്രദർശനം പരിമിതപ്പെടുത്തിയിട്ടില്ല. വിനോദവും വിജ്ഞാനവും ഒരേസമയം ആസ്വദിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന് ഒരു ഹാളും ഒരുക്കിയിട്ടുണ്ട്.
ഹിറാ പാർക്കിൽ കഫേകൾ, റസ്റ്റാറൻറുകൾ, മറ്റ് സേവന, വാണിജ്യ സൗകര്യങ്ങൾ എന്നിവയുമുണ്ട്. തീർഥാടകരുടെയും ഉംറ നിർവഹിക്കുന്നവരുടെയും സന്ദർശകരുടെയും മതപരവും സാംസ്കാരികവുമായ അനുഭവം സമ്പന്നമാക്കാനും ‘സൗദി വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുമാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.