റിയാദ്: ഫിലിപ്പിനോ സയാമീസ് ഇരട്ടകളായ അകിസ, ആഇശ എന്നിവരെ വേർപെടുത്തുന്ന ശസ്ത്രക്രിയ ആരംഭിച്ചു. നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് മെഡിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചത്. സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും നിർദേശത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് ഫിലിപ്പിനോ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചത്. ശസ്ത്രക്രിയ തുടരുന്നുവെന്നും ഇരട്ടകളുടെ ആരോഗ്യനില സ്ഥിരമാണെന്നും അപ്‌ഡേറ്റുകൾ സൂചിപ്പിക്കുന്നു.
ആറ് മാസം പ്രായവും 18 കിലോഗ്രാം ഭാരവുമുള്ള ഫിലിപ്പിനോ ഇരട്ടകളായ അകിസയും ആയിശയും 2024 മെയ് അഞ്ചിനാണ് സൗദിയിലെത്തിയതെന്ന് ഡോ. അൽറബീഅ പറഞ്ഞു. ഇവരെ നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുള്ള സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴത്തെ നെഞ്ചും വയറും കരൾ ഭാഗവും പങ്കിടുന്നതായി കണ്ടെത്തി.
കുടലുകൾ പങ്കിടുന്ന സാധ്യതയുണ്ട്. സയാമീസുകളെ വേർപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കാൻ ഒന്നിലധികം കൃത്യമായ പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും അൽറബീഅ പറഞ്ഞു. നിരവധി മെഡിക്കൽ ടീം മീറ്റിങുകൾക്ക് ശേഷമാണ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേർപെടുത്താൻ തീരുമാനിച്ചത്. ശസ്ത്രക്രിയ അഞ്ച് ഘട്ടങ്ങളിലായി ഏഴര മണിക്കൂർ എടുക്കും.
വിജയശതമാനം 70 ശതമാനം ആണ്. കൺസൾട്ടൻറ് ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും നഴ്സിങ്, ടെക്നിക്കൽ സ്റ്റാഫും, അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി, മറ്റ് സപ്പോർട്ടിംഗ് സ്പെഷ്യാലിറ്റികൾ ഉൾപ്പെടുന്ന 23 പേരടങ്ങുന്ന മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നതെന്നും അൽറബീഅ വിശദീകരിച്ചു.
ഫിലിപ്പൈൻസിൽ നിന്നുള്ള സയാമീസ് ഇരട്ടകളുടെ രണ്ടാമത്തെ ശസ്ത്രക്രിയയാണിത്. സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന ശസ്ത്രക്രിയ പരമ്പരയിലെ 61-ാമത്തെതുമാണ്. കഴിഞ്ഞ 33 വർഷത്തിനിടെ ലോകത്തെ 26 രാജ്യങ്ങളിൽ നിന്നുള്ള 136 ഇത്തരം കേസുകൾ മെഡിക്കൽ സംഘം വിലയിരുത്തിയതായും ഡോ. അൽറബീഅ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.