ജിദ്ദ: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ആരംഭിച്ച ഓപറേഷൻ ‘കാവേരി’പദ്ധതിക്ക് വിജയകരമായ പരിസമാപ്തി. ഇന്ത്യൻ വ്യോമസേനയുടെ കപ്പലിലും വിമാനങ്ങളിലുമായി മൊത്തം 3,862 ഇന്ത്യക്കാരെ സുഡാനിൽനിന്ന് ജിദ്ദ വഴി എത്തിച്ചതായാണ് കണക്ക്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഏപ്രിൽ 25 നാണ് പദ്ധതിക്ക് തുടക്കമായത്. കേന്ദ്രമന്ത്രി വി. മുരളീധരനെയായിരുന്നു ഈ ദൗത്യത്തിനായി കേന്ദ്ര സർക്കാർ നിയോഗിച്ചിരുന്നത്.
നേരത്തേ ജിദ്ദയിലെത്തിച്ച വ്യോമസേനയുടെ 17 വിമാനങ്ങളിലും അഞ്ചു കപ്പലുകളിലുമായാണ് ഇന്ത്യക്കാരെ സുഡാനിൽനിന്ന് രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചത്. പോർട്ട് സുഡാനിൽനിന്ന് 270 ഇന്ത്യക്കാരെയും വഹിച്ച് ഐ.എൻ.എസ് ‘സുമേധ’കപ്പലാണ് ആദ്യ സംഘവുമായി എത്തിയത്. ഏറ്റവുമൊടുവിലെത്തിയ വ്യോമസേന വിമാനത്തിൽ 47 പേരാണുണ്ടായിരുന്നത്. വിവിധ ബാച്ചുകളിലായി ജിദ്ദയിലെത്തിച്ചവരെ സ്വീകരിക്കാനും പിന്നീട് ഇന്ത്യയിലേക്ക് യാത്രയയക്കാനും മന്ത്രി വി. മുരളീധരനും ഇന്ത്യൻ അംബാസഡർ സുഹേൽ ഇഅ്ജാസ് ഖാനും കോൺസൽ ജനറൽ മുഹമ്മദ് ശാഹിദ് ആലമും വിദേശകാര്യാലയത്തിലെയും എംബസികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുമെല്ലാം ജിദ്ദയിലെ പ്രവേശന കവാടങ്ങളിലെത്തിയിരുന്നു. ജിദ്ദയിലെത്തിച്ചവർക്ക് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലായിരുന്നു താൽക്കാലിക താമസമൊരുക്കിയിരുന്നത്.
താമസത്തിനും ചികിത്സക്കും ഭക്ഷണത്തിനും വേണ്ട എല്ലാ സംവിധാനങ്ങളും സജ്ജീകരണങ്ങളും ഇന്ത്യൻ എംബസിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് ഒരുക്കിയിരുന്നു. സഹായത്തിനായി പ്രത്യേക കൺട്രോൾ റൂം പ്രവർത്തിച്ചിരുന്നു. സുഡാനിൽനിന്നെത്തുന്നവരെ സ്വീകരിക്കുന്നതിനും ആവശ്യമായ സേവനങ്ങൾക്കും ഇന്ത്യൻ എംബസിയും ജിദ്ദ കോൺസുലേറ്റും വലിയ ഉദ്യോഗസ്ഥ സംഘത്തെയാണ് നിയോഗിച്ചത്. കൂടാതെ, ജിദ്ദയിലെ സന്നദ്ധ സേവന സംഘടനകളും മുഴുസമയ സേവനവുമായി രംഗത്തുണ്ടായിരുന്നു. ആരോഗ്യ സേവനത്തിനായി അബീർ മെഡിക്കൽ ഗ്രൂപ് ടീമും സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം പ്രവർത്തകരും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ആദ്യസംഘം ജിദ്ദയിലെത്തി തൊട്ടടുത്ത ദിവസം മുതൽ ഇന്ത്യയിലേക്ക് ആളുകളെയും വഹിച്ചുള്ള വിമാനങ്ങൾ പുറപ്പെട്ടു. 360 പേരുമായി സൗദി എയർലൈൻസിന്റെ എസ്.വി 3620 പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കാണ് ആദ്യസംഘം പുറപ്പെട്ടത്. തൊട്ടടുത്ത ദിവസങ്ങളിലായി ഡൽഹിക്ക് പുറമെ മുംബൈ, ബംഗളൂരു, അലഹബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കും ആളുകളെ അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.