റിയാദ്: ആഭ്യന്തരകലാപത്തെ തുടർന്ന് സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി രാജ്യത്തെത്തിക്കുന്നതിന് സൗദി അറേബ്യ വഹിച്ച പങ്കിനെ അഭിനന്ദിച്ചും നന്ദി പറഞ്ഞും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.റിയാദ് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ‘കമ്യൂണിറ്റി ഇൻട്രാക്ഷൻ വിത്ത് മിനിസ്റ്റർ വി. മുരളീധരൻ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ തയാറാക്കിയ ഓപറേഷൻ കാവേരി ലക്ഷ്യംകാണുന്നതിന് ആവശ്യമായ സഹായംചെയ്ത സൗദി ഭരണാധികാരികൾക്ക് നന്ദിപറഞ്ഞുള്ള മന്ത്രിയുടെ പ്രസംഗം നിറ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ജിദ്ദ കോൺസൽ ജനറൽ ഓഫ് ഇന്ത്യ മുഹമ്മദ് ഷാഹിദ് ആലം, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, മറ്റു വളന്റിയർമാർ തുടങ്ങി ഓപറേഷന്റെ വിജയത്തിനായി കഠിനാധ്വാനംചെയ്ത എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
സൗദി സന്ദർശന വേളയിൽ മന്ത്രി സൗദി അറേബ്യയുടെ വിദേശകാര്യ സഹമന്ത്രി വലീദ് അൽഖറൈജി, തൊഴിൽ സഹമന്ത്രിമാരായ ഡോ. അദ്നാൻ അൽ നുഐം, ഡോ. അഹമ്മദ് അൽസഹ്റാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഊഷ്മളത പ്രകടമാകുന്നതും ഫലപ്രദവുമായിരുന്നു എല്ലാ കൂടിക്കാഴ്ചകളുമെന്നദ്ദേഹം പറഞ്ഞു.
ഇന്ത്യക്കും സൗദി അറേബ്യക്കുമിടയിൽ മനുഷ്യപാലമായി പ്രവർത്തിക്കുന്ന 22 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾ ഇരു രാജ്യങ്ങൾക്കും നൽകിയ സംഭാവനകൾ ചെറുതല്ലെന്നും അവരെക്കൂടി അഭിനന്ദിക്കാൻ അവസരം ഉപയോഗിക്കുന്നതായും മന്ത്രി പറഞ്ഞു. ഇന്ത്യൻ പ്രവാസികൾക്ക് സൗദി അറേബ്യയിൽ ലഭിക്കുന്ന എല്ലാ പരിഗണനക്കും സുരക്ഷക്കും പിന്തുണക്കും അദ്ദേഹം സൗദി ഭരണനേതൃത്വത്തോട് നന്ദി പറഞ്ഞു.
സൗദിയുടെ ചരിത്ര ടൂറിസകേന്ദ്രമായ മസ്മക് കൊട്ടാരം, പുരാതന അറേബ്യയുടെ ചരിത്രംപറയുന്ന അൽ ദരിയ്യ എന്നിവിടങ്ങളിൽ മന്ത്രി സന്ദർശനം നടത്തി. വ്യാഴം, വെള്ളി ദിവസങ്ങളിലെ ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം ഡൽഹിയിലേക്കു മടങ്ങും. അംബാസഡർ അധ്യക്ഷനായ ചടങ്ങിൽ സൗദിയിലെ വിവിധ പ്രവിശ്യകളിൽനിന്നുള്ള കമ്യൂണിറ്റി നേതാക്കൾ, പത്രപ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.