റിയാദ്: മയക്കുമരുന്നിനെതിരെ യുദ്ധം പ്രഖ്യാപിച്ച് സൗദി അറേബ്യ. നഗരങ്ങളിലും ഗ്രാമങ്ങളിലും പഴുതടച്ച പരിശോധനയിൽ നിരവധി പേരെ കുരുക്കി. റിയാദിലെ അൽ മുസഹ്മിയയിലെ വിശ്രമകേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഏഴുപേരെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി വക്താവ് സമി അൽ ശ്വറിക് പറഞ്ഞു.
പിടിയിലായവരിൽ ഈജിപ്ഷ്യൻ, സിറിയൻ, ബംഗ്ലാദേശ് ,യമൻ പൗരന്മാരും രണ്ട് സ്വദേശിയുമാണുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.12 ലക്ഷത്തിലധികം ആംഫെറ്റമിൻ ഗുളികകളാണ് ഗ്ലാസ് പാനലുകൾക്കുള്ളിൽ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച മാത്രം രാജ്യത്തുടനീളമുള്ള മയക്കുമരുന്ന് കടത്തുകാരെ ലക്ഷ്യമിട്ടുള്ള റെയ്ഡുകളിലും 25 പേർ അറസ്റ്റിലായി. ‘ഷാബു’എന്നറിയപ്പെടുന്ന മെത്താംഫെറ്റമിൻ എന്ന മയക്കുമരുന്നും പണവും കടത്താനുള്ള ശ്രമത്തിനിടെ ജിദ്ദയിലെ ആറ് പാകിസ്താൻ പൗരന്മാരെ ജനറൽ ഡയറക്ടറേറ്റ് ഫോർ നാർകോട്ടിക് കൺട്രോൾ കസ്റ്റഡിയിലെടുത്തു.
50,530 ആംഫെറ്റമിൻ ഗുളികകളും 1.4 കിലോ ഹഷീഷും കടത്താൻ ശ്രമിച്ച കേസിൽ ആറുപേരെ മദീന ഗവർണറേറ്റിലെ ബദറിൽ ജനറൽ ഡയറക്ടറേറ്റ് ഫോർ നാർകോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു.
ആയുധങ്ങളും മയക്കുമരുന്നും രേഖയില്ലാത്ത പണവുമായി ഖൈബർ ഗവർണറേറ്റിൽ സ്വദേശി യുവാവ് മദീന പൊലീസ് പിടിയിലായി. രാജ്യാതിർത്തിയായ ജിസാനിൽ നടന്ന റെയ്ഡിൽ നിരവധി പേർ ഖാത്തും, മയക്കുമരുന്നുമായി അറസ്റ്റിലായി.
മയക്കുമരുന്ന് കള്ളക്കടത്തുകാർക്കായി റിയാദ് നഗരമാകെ പൊലീസ് വല വീശിയിട്ടുണ്ട്. റിയാദിലെ ബത്ഹ ഉൾപ്പടെയുള്ള ഉപനഗരങ്ങളിലേക്ക് പ്രവേശിക്കുന്ന എല്ലാ പ്രധാന നിരത്തുകളിലും 24 മണിക്കൂറും വാഹന പരിശോധനയുണ്ട്. സംശയം തോന്നുന്ന വാഹനവും യാത്രക്കാരെയും കൂടുതൽ പരിശോധനക്ക് വിധേയമാക്കും.
മയക്കുമരുന്ന് വിൽപനക്കാർ, കള്ളക്കടത്തുകാർ തുടങ്ങി രാജ്യത്തിനും സമൂഹത്തിനും ഭീഷണിയാകുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്ന ആരും രക്ഷപ്പെടില്ലെന്ന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് അൽ സഊദ് ട്വീറ്റ് ചെയ്തു. മയക്കുമരുന്ന് വേട്ടയോടൊപ്പം ബോധവത്കരണവും സജീവമാണ്.
വെള്ളിയാഴ്ച രാജ്യമാകെയുള്ള പള്ളികളിൽ നടന്ന ഖുതുബ പ്രഭാഷണങ്ങളിൽ പ്രധാന വിഷയം മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതായിരുന്നു. വിദേശികളുടെ സാമൂഹിക, സാംസ്കാരിക സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മയക്കുമരുന്ന് ബോധവത്കരണ രംഗത്ത് കൂടുതൽ സജീവമായി രംഗത്തുണ്ട്.
മയക്കുമരുന്ന് കടത്തലോ, ഉപയോഗമോ ബന്ധപ്പെട്ട എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കണമെന്ന് സൗദി സുരക്ഷാ അധികൃതർ സ്വദേശികളോടും വിദേശികളോടും അഭ്യർഥിച്ചു. മക്ക,റിയാദ്, കിഴക്കൻ പ്രവിശ്യാ മേഖലകളിലെ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 എന്ന നമ്പറിലുമാണ് വിളിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.