ജിദ്ദ: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷ നിയമങ്ങളുടെ ലംഘനം നടത്തുന്നവരെ പിടികൂടാനുള്ള നിരീക്ഷണ സ്ക്വാഡുകൾ വിവിധ പ്രദേശങ്ങളിൽ ശക്തമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷ വകുപ്പുകൾ കഴിഞ്ഞ ഒരാഴ്ച നടത്തിയ റെയ്ഡുകളിൽ 16,161 ലേറെ നിയമലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിടികൂടിയവരിൽ 10,575 പേർ താമസരേഖ (ഇഖാമ) നിയമലംഘകരും 3,726 പേർ അതിർത്തി സുരക്ഷ ചട്ടലംഘനം നടത്തിയവരും 1,860 പേർ തൊഴിൽ നിയമലംഘനം നടത്തിയവരുമാണെന്ന് അധികൃതർ അറിയിച്ചു. അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 967 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 57 ശതമാനം എത്യോപ്യക്കാരും 39 ശതമാനം യമനികളും നാലു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തിവഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 22 പേരെ സുരക്ഷ വകുപ്പ് പിടികൂടിയതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതര കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി ഒരു മില്യൺ വരെ റിയാൽ (2,60,000 ഡോളർ) പിഴ ലഭിക്കുമെന്നും നിയമലംഘകരുടെ വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. രാജ്യത്തുള്ള നിയമലംഘനം ശ്രദ്ധയിൽപെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മക്കയിൽ ഹജ്ജ് നിയമ,നിർദേശങ്ങൾ ലംഘനം നടത്തുന്നവരെ പിടികൂടാനും ശക്തമായ പരിശോധന തുടരുകയാണ്.
കഴിഞ്ഞയാഴ്ച നിയമലംഘനം നടത്തിയ 20,000 ത്തിലേറെ വിസിറ്റ് വിസക്കാർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചതായി പൊതുസുരക്ഷ വിഭാഗവും വ്യക്തമാക്കി. മേയ് 23 മുതൽ വിസിറ്റ് വിസക്കാരെ മക്കയിൽ പ്രവേശിക്കാനോ അവിടെ താങ്ങാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
ദുൽഹജ്ജ് 15 വരെ വിലക്ക് പ്രാബല്യത്തിലുണ്ടാവും. വിസിറ്റ് വിസക്കാർ മക്കയിലേക്ക് വിലക്കുള്ള കാലത്ത് പോവുകയോ അവിടെ തങ്ങുകയോ ചെയ്യരുത്. നിയമം ലംഘിക്കുന്നവർക്കെതിരെ ശിക്ഷനടപടികൾ എടുക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജ് സീസണായതിനാൽ മക്കയിലും മദീനയിലും പഴുതടച്ചുള്ള പരിശോധനയാണ് അധികൃതർ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.