ജിദ്ദ: വിദേശ ഹജ്ജ് തീർഥാടകർക്ക് ക്വാറൻറീനും പി.സി.ആർ പരിശോധനയും വേണ്ടിവരും. അടുത്ത ഹജ്ജ് വേളയിൽ തീർഥാടകർക്കിടയിൽ നടപ്പാക്കാൻ പോകുന്ന ആരോഗ്യ മുൻകരുതൽ നടപടികളിലും വ്യവസ്ഥകളിലുമാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബന്ധപ്പെട്ട മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഹജ്ജ് സീസണിലെ തീർഥാടകരുടെ യാത്ര, താമസം, അറഫ, മുസ്ദലിഫ, ജംറയിലെ കല്ലേറ്എന്നിവക്ക് നിശ്ചയിച്ച മുൻകരുതൽ നടപടികളും വ്യവസ്ഥകളും പുറത്തുവിട്ടത്. ഏറ്റവും പ്രധാനപ്പെട്ടത് 10 വ്യവസ്ഥകളാണ്.
ഹജ്ജ് സീസണിന്റെ 14 ദിവസം മുമ്പെങ്കിലും ഹജ്ജ് വേളയിലെ മുഴുവൻ തൊഴിലാളികളും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തിരിക്കണം. വിദേശ തീർഥാടകരെത്തുന്ന സമയത്ത് മൂന്ന് ദിവസത്തെ ക്വാറൻറീനു വേണ്ട താമസ സൗകര്യം മുത്വവ്വഫ് ഒരുക്കിയിരിക്കണം. പി.സി.ആർ പരിശോധന നടത്തണം. തീർഥാടകൻ ഹറമുകളിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഹജ്ജ് നിർവഹിക്കാനുള്ള അംഗീകൃത അനുമതി പത്രം കാണിച്ചിരിക്കണം. മക്കയിലും മദീനയിലും തീർഥാടകർക്ക് ആരോഗ്യ നിബന്ധനകൾ പാലിച്ചുള്ള താമസ സൗകര്യമേർപ്പെടുത്തണം. റൂമുകൾക്കുള്ളിൽ ആളുകൾ ഒരുമിച്ച് കൂടുന്നതും ഓപ്പൺ ബൂഫിയയും നിരോധിക്കണം. ഭക്ഷണ ഹാളുകളിൽ ആളുകൾ കൂടിയിരിക്കുന്നതും ഇരുഹറമുകളിലേക്ക് ഭക്ഷണം കൊണ്ടുവരുന്നതും തടയണം.
തീർഥാടകരെ രാജ്യത്തെ പ്രവേശന കവാടങ്ങളിൽ നിന്ന് നിശ്ചിത പാതയിലൂടെ കൊണ്ടുവരുമ്പോൾ ആരോഗ്യ മുൻകരുൽ നടപടികൾ പാലിച്ചിരിക്കണം. ചെറിയ സംഘങ്ങളായാണ് തീർഥാടകരെ കൊണ്ടു വരേണ്ടത്. തമ്പുകളും പരിശോധന സ്ഥലങ്ങളും നവീകരിച്ചിക്കണം. തീർഥാടകരുടെ ബാഗുകൾ, അവ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവ പതിവായി അണുമുക്തമാക്കിയിരിക്കണം. പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിശ്ചയിക്കണം. അറഫയിലേക്ക് പോകുന്ന സമയത്ത് ബസ്സുകളിൽ ഉൾക്കൊള്ളാവുന്ന ആളുകളിൽ 50 ശതമാനം പേരെ മാത്രമേ കയറ്റാൻ പാടുള്ളൂ. അറഫയിലും മുസ്ദലിഫയിലും തമ്പുകളിൽ ഒരോ 10 തീർഥാടകർക്കും 50 ചതുരശ്ര മീറ്റർ എന്ന തോതിൽ സ്ഥലം വേണം. തീർഥാടകരുടെ എണ്ണം നിശ്ചിത എണ്ണത്തിൽ കൂടരുത്. ജംറകളിലെ കല്ലേറിന് സമയക്രമം ഒരുക്കണം. ഒരോ നിലയിലും ഒരേ സമയം 50 തീർഥാടകരിൽ കൂടരുത്. തീർഥാടകർക്കിടയിൽ ചുരുങ്ങിയത് ഒന്നര മീറ്റർ സാമൂഹിക അകലം പാലിച്ചിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.