ജിദ്ദ: സൗദി പൗരന്മാരുടെ വിദേശയാത്രക്കുള്ള പരിഷ്കരിച്ച നടപടിക്രമങ്ങൾ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കി.ഇത് സംബന്ധിച്ച അറിയിപ്പ് രാജ്യത്തെ പൊതു, സ്വകാര്യ വിമാനക്കമ്പനികളടക്കം സൗദി വിമാനത്താവളങ്ങളിൽനിന്ന് സർവിസ് നടത്തുന്ന മുഴുവൻ വിമാനക്കമ്പനികൾക്കും അതോറിറ്റി നൽകി.അന്താരാഷ്ട്ര വിമാനങ്ങളിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്ന സൗദി പൗരന്മാർക്കുള്ള പുതിയ നിബന്ധനകളാണ് അറിയിപ്പിലുള്ളത്.
ഇതനുസരിച്ച് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർ സൗദിയിൽ അംഗീകരിച്ച ഏതെങ്കിലുമൊരു വാക്സിെൻറ മുഴുവൻ ഡോസുകളും എടുത്തിരിക്കണം. 12 വയസ്സിന് താഴെയുള്ള കുട്ടികളെ തീരുമാനത്തിൽനിന്ന് ഒഴിവാക്കി. ഇവർക്ക് യാത്ര സമയത്ത് സൗദി സെൻട്രൽ ബാങ്ക് അംഗീകരിച്ച കോവിഡ് അപകട ചികിത്സ ഇൻഷുറൻസ് പോളിസി സമർപ്പിച്ചിരിക്കണം.
കൂടാതെ കോവിഡ് ബാധിച്ച് ആറ് മാസം കഴിയാത്തവരെയും കോവിഡ് ബാധിച്ചശേഷം ഒരു ഡോസ് വാക്സിനെടുത്തവരെയും ഇൗ നിബന്ധനയിൽനിന്ന് ഒഴിവാക്കി. പുതിയ നിബന്ധനകൾ ആഗസ്റ്റ് ഒമ്പത് മുതൽ പ്രാബല്യത്തിൽ വരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. സൗദി വിമാനത്താവളങ്ങളിലെ യാത്രക്കാർക്ക് സമ്പൂർണ ആരോഗ്യ അന്തരീക്ഷം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാവിധ മുൻകരുതൽ, പ്രതിരോധ നടപടികളും പ്രയോഗിക്കുന്നതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.