റിയാദ്: മുതിർന്ന തൊഴിലാളിവർഗ പോരാളിയും സഖാവ് എന്ന നാമധേയത്തിൽ അറിയപ്പെടുന്ന നേതാവുമായ പി. കൃഷ്ണപിള്ളയുടെ 74ാം ചരമദിനം കേളി കലാസാംസ്കാരിക വേദി ആചരിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ അനുസ്മരണ പ്രബന്ധം അവതരിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒരുപങ്കും വഹിക്കാത്തവർ നയിക്കുന്ന ഇന്ത്യൻ ഭരണകൂടമാണ് ഇപ്പോഴുള്ളത്. ചരിത്രത്തിന്റെ ഭാഗമല്ലാത്തവർ നയിക്കുന്ന ഇന്ത്യയിൽ അസംബന്ധ കെട്ടുകഥകൾ ചരിത്രസത്യമായി കൂട്ടിച്ചേർക്കുന്ന തിരക്കിലാണ്. പാഠ്യപദ്ധതികളിൽ അസത്യങ്ങൾ കുത്തിനിറക്കുകയും ചരിത്രബോധമില്ലാത്തവരെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളായി നിയമിച്ചും ചരിത്രം മാറ്റിയെഴുതുന്നു. പി. കൃഷ്ണപിള്ളയെ പോലുള്ള നേതാക്കൾ നടത്തിയ തീക്ഷ്ണമായ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും അധികാരങ്ങളും ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.
പാവങ്ങൾക്കായി പടപൊരുതി നേടിയ എല്ലാ അവകാശങ്ങളും കോർപറേറ്റുകൾക്കുവേണ്ടി അടിയറവു വെക്കുകയാണ് കേന്ദ്രസർക്കാറെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാർ, സുരേന്ദ്രൻ കൂട്ടായി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ന്യൂ സനാഇയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.