യാംബു: സൗദി അറേബ്യയും ഫലസ്തീനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നു. ഫലസ്തീനിലെ പ്രഥമ സൗദി അംബാസഡറും ജറൂസലമിലെ സൗദി കോൺസൽ ജനറലുമായി നിയമിതനായ നായിഫ് ബിൻ ബന്ദർ അൽ സുദൈരിയും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പി.എൽ..ഒ) നേതാക്കളും ചർച്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യത ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ഊന്നിപ്പറഞ്ഞു.
ഇസ്രായേൽ ഫലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദിയും ഫലസ്തീനും ബന്ധം ശക്തമാക്കാനുള്ള നീക്കം ലോകജനത വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഫലസ്തീൻ ജനതക്കുമേൽ ഇസ്രായേൽ നടത്തുന്ന ഏകപക്ഷീയമായ നടപടികൾ സമാധാനം ആഗ്രഹിക്കുന്ന ലോകത്തുടനീളമുള്ള ആളുകൾക്കിടയിൽ ഏറെ ദുഃഖമുണ്ടാക്കിയിരിക്കുകയാണ്. ഏഴു ദശാബ്ദത്തിലേറെയായി സ്വന്തം നാട്ടിൽനിന്ന് കുടിയിറക്കപ്പെട്ട ഫലസ്തീനികൾ ലോകമെമ്പാടും അഭയാർഥികളായി കഴിഞ്ഞുകൂടുകയാണ്.
എന്നെങ്കിലും സ്വന്തം നാട്ടിൽ തിരിച്ചെത്തുമെന്നാണ് അവരുടെ സ്വപ്നം. ഫലസ്തീനികളെ കൂട്ടമായി കൊന്നൊടുക്കിയും വസ്തുവകകൾ നശിപ്പിച്ചും വംശവെറി ആഘോഷിക്കുന്ന ഇസ്രായേൽ, ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതും കുറ്റമായി കാണുന്ന സാഹചര്യത്തിലാണ് സൗദി ഫലസ്തീനുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങുന്നത്.
അമ്മാനിലെ എംബസി ഓഫിസിൽ ഫലസ്തീൻ അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി സൗദി അംബാസഡർ നടത്തിയ ചർച്ച ഏറെ ഫലം ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാകുന്നതോടെ രാജ്യത്തിന്റെ സമാധാനാന്തരീക്ഷവും കൂടുതൽ കരുത്തുറ്റതാകുമെന്നും വിവിധ കോണുകളിൽനിന്നും അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി സെക്രട്ടറി ജനറൽ ഹുസൈൻ അൽ ശൈഖ്, മേജർ ജനറൽ മജീദ് ഫറജ്, ഫലസ്തീൻ പ്രസിഡന്റിന്റെ നയതന്ത്രകാര്യ ഉപദേഷ്ടാവ് ഡോ. മജ്ദി അൽ ഖാലിദി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.