റിയാദ്: ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. യുഗാണ്ടൻ തലസ്ഥാനമായ കമ്പാലയിൽ ചേരിചേരാ പ്രസ്ഥാന (നാം) ഉച്ചകോടിയുടെ 19ാമത് സെഷനിൽ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് ബിൻ അബ്ദുൽകരീം അൽഖുറൈജി നടത്തിയ പ്രസംഗത്തിലാണ് നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയത്.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ ശക്തമായി നിരാകരിക്കുന്നു. രാജ്യങ്ങളുടെ പരമാധികാരത്തെയും സ്ഥിരതയെയും ബാധിക്കുന്ന സംഘർഷങ്ങൾ ലോകമാകെ വർധിക്കുകയാണ്. സമാധാനം കൈവരിക്കാൻ രാജ്യങ്ങൾ ശ്രമിക്കണമെന്നും അൽഖുറൈജി ആവശ്യപ്പെട്ടു. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ കൈവരിക്കേണ്ടതിെൻറയും സഹായം എത്തിക്കേണ്ടതിെൻറയും ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കുന്നത് തടയേണ്ടതിെൻറയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തിയിൽ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഫലസ്തീൻ പ്രശ്നം ഞങ്ങളുടെ യോഗങ്ങളിൽ സുപ്രധാന അജണ്ടയായി നിലനിൽക്കും. ലോകമെമ്പാടും പ്രതികൂലമായ കടുത്ത കാലാവസ്ഥാ പ്രതിഭാസങ്ങൾ വർധിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് ഗ്രീൻ സൗദി അറേബ്യ, ഗ്രീൻ മിഡിൽ ഈസ്റ്റ് സംരംഭങ്ങൾ തുടങ്ങിയ ദേശീയ അന്തർദേശീയ സംരംഭങ്ങൾ സൗദി ഏറ്റെടുത്തിട്ടുണ്ട്. ‘വിഷൻ 2030’ന് അനുസൃതമായി രാജ്യത്തിെൻറ പരിസ്ഥിതി പ്രവർത്തനങ്ങളുടെ തുടർച്ചയാണിതെന്നും അൽഖുറൈജി പറഞ്ഞു.
ഉച്ചകോടിയിൽ ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ ഡോ. അബ്ദുൽ അസീസ് അൽവാസൽ, യുഗാണ്ടയിലെ സൗദി അംബാസഡർ ജമാൽ അൽ മദനി, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ മുത്ഷർ അൽഅൻസി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.