ജിദ്ദ: ഹൃസ്വ സന്ദർശനാർഥം സൗദിയിലെത്തിയ സൗദി പി.സി.എഫ് സ്ഥാപക നേതാവും, പി.ഡി.പി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായ അഷ്റഫ് പൊന്നാനിക്ക് പി.സി.എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി.
സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ അബ്ദുൽ നാസർ മഅദനി തന്റെ അവർണ പക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ ഉയർത്തിവിട്ട മുദ്രാവാക്യത്തിന്റെ പ്രസക്തി പതിന്മടങ്ങു വർധിച്ചുവെന്നും, രാജ്യം നേരിടുന്ന വെല്ലുവിളികളെ ദളിത്, ന്യൂനപക്ഷ ഐക്യത്തിലൂടെ മാത്രമേ നേരിടാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മതപണ്ഡിതനും ഫാഷിസ്റ്റ് ഭരണകൂട ഭീകരതയുടെ ബലിയാടായി ഒരു പുരുഷായുസ്സിന്റെ സിംഹഭാഗവും ജയിലിലും, ജയിൽസമാനമായ രീതിയിലും കഴിഞ്ഞ, മർദിതപക്ഷ മോചനത്തിനു നിലകൊള്ളുന്ന കറകളഞ്ഞ ഒരു മതേതര പ്രസ്ഥാനത്തിന്റെ അമരക്കാരനെ തീവ്രവാദത്തിന്റെ ചാപ്പകുത്തുന്ന രീതിയിൽ മോശമായ പരാമർശം നടത്തിയ സി.പി.എം നേതാവ് ജയരാജന്റെ പുസ്തകo മഅ്ദനിയെ അറിയുന്ന കേരളജനത അർഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയുമെന്നും, ഇത്തരം പുഴുക്കുത്തുകൾ ഇടതു മതേതര ചേരിക്ക് ആപത്താണെന്നും അഷ്റഫ് പൊന്നാനി ചൂണ്ടിക്കാണിച്ചു.
കാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് പി.ഡി.പി പ്രവാസി സംഘടനയായി പി.സി.എഫ് സൗദി അറേബ്യയിൽ രൂപീകരിച്ചതിന്റെ നേർചിത്രവും, പ്രസക്തിയും ആ കാലഘട്ടത്തെ ത്യാഗോജ്ജ്വലമായ പ്രവാസകാല പൊതു പ്രവർത്തനത്തിന്റെ തീക്ഷണതയും പ്രവർത്തകരോട് അദ്ദേഹം പങ്കുവെച്ചു.
പി.സി.എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റിക്കുവേണ്ടി അബ്ദുൽ റഷീദ് ഓയൂർ അഷ്റഫ് പൊന്നാനിക്ക് സ്നോഹപഹാരം നൽകി ആദരിച്ചു. ദിലീപ് താമരക്കുളം അധ്യക്ഷത വഹിച്ചു. അബ്ദുൽ റസാഖ് മാസ്റ്റർ മമ്പുറം സ്വാഗതം പറഞ്ഞു. അനീസ് കൊടുങ്ങല്ലൂർ, ഹാറൂൺ പെരുവള്ളൂർ, ബക്കർ സിദ്ധീഖ് നാട്ടുകൽ, ശിഹാബ് പൊന്മള, അസീസ് ഒതുക്കുങ്ങൽ, ഫൈസൽ പൊന്മള, റസാഖ് മാമ്പുഴ, ഈസ കിഴിശ്ശേരി, അബ്ദുൽ ഖാദർ തിരുനാവായ അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.