റിയാദ്: അടിയന്തര സാഹചര്യങ്ങളിൽ പ്രവാസികൾക്ക് പി.സി.ആർ സർട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ഇളവ് റദ്ദ് ചെയ്തുകൊണ്ട് കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് റിയാദിലെ കേളി കലാ സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
ഉറ്റവരുടെ മരണം അറിഞ്ഞോ മറ്റ് അത്യാഹിതങ്ങള്‍ക്കോ അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് പി.സി.ആര് പരിശോധനയില്ലാതെ യാത്ര ചെയ്യാന്‍ നേരത്തേ അനുമതിയുണ്ടായിരുന്നു. ഈ ഇളവാണ് കേന്ദ്രസര്‍ക്കാര്‍ പൊടുന്നനെ പിന്‍വലിച്ചത്. എമര്‍ജന്‍സി വിഭാഗത്തില്‍ വിവരങ്ങള്‍ നല്കി ഇനി രജിസ്റ്റര്‍ ചെയ്യാനാകില്ല. 'എയർ സുവിധ' വെബ്പോർട്ടലിൽ നെഗറ്റിവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവർക്ക് മാത്രമേ ഇനി നാട്ടിലേക്ക് പോകാൻ സാധിക്കൂ. കുടുംബത്തില്‍ അത്യാഹിതം നടന്നാല്‍ നാട്ടിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ക്ക് ഇനി പി.സി.ആര് ടെസ്റ്റ് എടുത്ത് റിസള്‍ട്ട് വരുന്നത് വരെ കാത്തിരിക്കണം.
പി.സി.ആർ ടെസ്റ്റ് റിസൾട്ടിന് പല രാജ്യങ്ങളിലും വ്യത്യസ്ത സമയമാണ് എടുക്കുന്നത്. ഗള്‍ഫില്‍ പല രാജ്യങ്ങളും മാസ്കും സാമൂഹിക അകലവും അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സാധാരണ ജീവിത സാഹചര്യങ്ങളിലേക്ക് മടങ്ങിവരുമ്പോഴാണ് പ്രവാസികളെ നേരിട്ട് ബാധിക്കുന്ന ഇത്തരം ഒരു നടപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് വരുന്നതെന്നത് തികച്ചും അപലപനീയമാണെന്നും പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന അത്തരം തീരുമാനം പിൻവലിച്ച് അടിയന്തര സാഹചര്യങ്ങളിൽ പി.സി.ആർ ടെസ്റ്റില്ലാതെ നാട്ടിലേക്ക് പോകാനുള്ള സാഹചര്യം നിലനിർത്തണമെന്നും കേളി സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.