ജുബൈൽ: സൗദി അറേബ്യയിൽ ഫാർമസികളിൽ 20 ശതമാനം ജീവനക്കാർ സ്വദേശികളാകണമെന്ന നിയമം നടപ്പായി. സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റ് ജോലി 50 ശതമാനം സ്വദേശികൾക്ക് സംവരണം ചെയ്യുന്ന തീരുമാനത്തിെൻറ ആദ്യ ഘട്ടമാണിത്. വിദേശികൾക്ക് പകരം സ്വദേശികളായ ഫാർമസിസ്റ്റുകളെ നിയമിക്കണമെന്നാണ് വ്യവസ്ഥ. 100 ഫാർമസിസ്റ്റുകളിൽ 20 പേർ നിർബന്ധമായും സ്വദേശികളായിരിക്കണം. അടുത്ത വർഷം ജൂലൈയിൽ രണ്ടാം ഘട്ടമായി 30 ശതമാനം സംവരണംകൂടി നടപ്പാക്കും. അതോടെ 100 ഫാർമസിസ്റ്റുകളിൽ 50ഉം സ്വദേശികളായിരിക്കണം. സൗദി സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന വിദേശി ഫാർമസിസ്റ്റുകൾക്ക് വലിയ തിരിച്ചടിയാവുമിത്. 2018ലെ കണക്കുകൾ പ്രകാരം 21,530 വിദേശ ഫാർമസിസ്റ്റുകളാണ് സൗദിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ പ്രവർത്തനങ്ങളിലൊന്നായ ഫാർമസി മേഖലയിൽ വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ. 2022ഓടെ 3000 സൗദി ഫാർമസിസ്റ്റുകളെ നിയമിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയ വക്താവ് നാസർ അൽഹസാനി അറിയിച്ചു.
ഈ മേഖലയിലെ സൗദിവത്കരണ പ്രഖ്യാപനത്തിനുശേഷം 1500 സ്വദേശി ഫാർമസിസ്റ്റുകൾക്ക് ഇതിനകം ജോലി ലഭിച്ചെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. അഞ്ചു വിദേശി ഫാർമസിസ്റ്റുകൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ അതിന് ആനുപാതികമായി സ്വദേശികളെ നിയമിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ഉത്തരവിട്ടിരുന്നു. തുടർന്നാണ് ഇത്രയധികം സ്വദേശി ഫാർമസിസ്റ്റുകൾക്ക് ജോലി ലഭിച്ചത്. സ്വദേശികളെ നിയമിക്കുന്നതിനും തൊഴിൽ വിപണിയിലെ മത്സരശേഷി ഉയർത്തുന്നതിനും സ്വകാര്യമേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമാണ് ഉത്തരവിലൂടെ അന്ന് ആവശ്യപ്പെട്ടിരുന്നത്.
ദേശീയ വികസനത്തിന് സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. രാജ്യത്തെ വിവിധ സംരംഭങ്ങളിൽ ഉത്തരവ് നടപ്പാക്കാൻ മന്ത്രാലയം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും നടപ്പാക്കിയില്ലെങ്കിൽ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫാർമക്കോളജി സ്കൂളുകളിലെ സൗദി ബിരുദധാരികൾക്ക് ജോലി നൽകാനുള്ള രാജ്യത്തിെൻറ നീക്കത്തിെൻറ ഭാഗമായി സൗദി പൗരന്മാർക്ക് ഫാർമസികളുടെ ഉടമസ്ഥാവകാശം പരിമിതപ്പെടുത്താനും നിർദേശം ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.