ജിദ്ദ: ഞായറാഴ്ച മുതൽ മക്ക ഹറം വീണ്ടും ഭക്തിസാന്ദ്രമാകും. ഏഴുമാസത്തിന് ശേഷം ഉംറ തീർഥാടകരെ വരവേൽക്കാൻ വലിയ ഒരുക്കത്തോടെ പുണ്യനഗരി. തീർഥാടകരെ സ്വീകരിക്കാനും കോവിഡ് പ്രോേട്ടാകോൾ പാലിച്ച് ഉംറ കർമങ്ങൾ അനുഷ്ഠിക്കാനുമുള്ള എല്ലാ ഒരുക്കങ്ങളും ഇരുഹറം കാര്യാലയവും ഹജ്ജ് ഉംറ മന്ത്രാലയവും ചേർന്നാണ് പൂർത്തിയാക്കിയത്.ഹറമിലേക്കുള്ള തീർഥാടകരുടെ പ്രവേശനം, മടക്കം, ത്വവാഫ്, സഅ്യ് എന്നിവയുടെ പ്രത്യേക ട്രയൽ കഴിഞ്ഞദിവസം നടത്തിയിരുന്നു. ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കിയ 'ഇഅ്തമർനാ' ആപ്ലിക്കേഷനിലൂടെയാണ് ഒാരോരുത്തരുടെയും തീർഥാടനം സമയബന്ധിതവും വ്യവസ്ഥാപിതവുമാക്കുന്നത്. ആപ്പിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഉംറക്ക് അനുവാദം നൽകുകയുള്ളൂ. ഉംറ തീയതിയും സമയവും നിർണയിക്കുന്നതിനു പുറമെ മറ്റ് അനുബന്ധ സേവനങ്ങളും ആപ്പിലൂടെ ലഭിക്കും. ആദ്യ മണിക്കൂറുകളിൽ തന്നെ നിരവധിയാളുകളാണ് രജിസ്ട്രേഷൻ നടത്തിയത്. ഉംറ കർമങ്ങൾ എളുപ്പമാക്കാൻ മത്വാഫിലേക്കുള്ള പ്രവേശനം ത്വവാഫ് ചെയ്യുന്നവർക്ക് മാത്രമാക്കുമെന്ന് ഇരുഹറം കാര്യാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ആയിരത്തോളം ജീവനക്കാരെ തീർഥാടകരുടെ സേവനത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. ഒരുദിവസം ആറ് സമയങ്ങളിലായി ഗ്രൂപ്പുകളായി തിരിച്ചാണ് തീർഥാടകരെ ഹറമിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ദിവസം 6,000 പേർക്കാണ് ഉംറ ചെയ്യാനുള്ള അവസരം. ഒരോ സംഘത്തിലും 1,000 പേരുണ്ടാകും. ഹറമിലേക്ക് പോകുംമുമ്പ് ഒരുമിച്ച് കൂടുന്നതിന് ഖുദയ്, ശിശ, അജിയാദ്, ശുബൈക്ക, ഗസ്സ എന്നീ അഞ്ച് സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. മർകസ് അജിയാദ് കിങ് അബ്ദുൽ അസീസ് ഗേറ്റിനും മർകസ് ശുബൈക കിങ് ഫഹദ് ഗേറ്റിനും മർകസ് ഗസ്സ ബാബ് അലിക്കും മുൻവശങ്ങളിലാണ്. എന്നാൽ ഖുദായ്, ശീശ എന്നിവിടങ്ങളിലെത്തുന്നവരെ ബസുകളിലാണ് ഹറമിലെത്തിക്കുക. ബസുകളിൽ ആരോഗ്യ വിദഗ്ധരുമുണ്ടാകും.
സ്റ്റെറിലൈസറുകളും മാസ്ക്കുകളും ഒരുക്കും. സാമൂഹിക അകലം പാലിച്ചാണോ സിറ്റിങ് എന്ന് ഉറപ്പുവരുത്തും. ഒരോ സർവിസിന് ശേഷവും ബസുകൾ അണുമുക്തമാക്കും. ഉംറക്ക് ശേഷം തീർഥാടകരെ അവിടെ തന്നെ തിരിച്ചെത്തിക്കും.ഒരോ സംഘത്തിനും മൂന്നു മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. ആരോഗ്യ വിദഗ്ധരും സൂപ്പർവൈസർമാരും കൂടെയുണ്ടാകും. കഅ്ബക്ക് അൽപമകലെ മത്വാഫിൽ 14 പാതകളാണ് ത്വവാഫിനായി നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം ഉന്തുവണ്ടി ഉപയോഗിക്കുന്നവർക്കാണ്. ഒരോ സംഘവും വരുന്നതിനു മുമ്പും ശേഷവും ഹറം ശുചീകരിക്കുകയും അണുമുക്തമാക്കുകയും ചെയ്യും. ഇതിനു മാത്രമായി 500 പേരെ നിയോഗിച്ചിട്ടുണ്ട്. തീർഥാടകരുടെ പോക്കുവരവുകൾക്ക് നാല് രീതികളാണ് നിശ്ചയിച്ചിരിക്കുന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് ഏറ്റവും ഉചിതമായത് തിരഞ്ഞെടുക്കും.
ഹറമിനു ചുറ്റും അജിയാദ്, വഖഫ് കിങ് അബ്ദുൽ അസീസ്, ശുബൈക എന്നിവിടങ്ങളിൽ പരിശോധനക്ക് പ്രത്യേക പോയൻറുകളും ഏർപ്പെടുത്തിയിട്ടുണ്ട്.തീർഥാടകരെ സ്വീകരിക്കാൻ വിവിധ ഭാഗങ്ങളിലെ മീഖാത്തുകളിലും വേണ്ട ഒരുക്കങ്ങൾ മതകാര്യ വകുപ്പും പൂർത്തിയാക്കിയിട്ടുണ്ട്.
മദീന: മസ്ജിദുന്നബവിയിലെ റൗദയിലേക്കുള്ള ആദ്യഘട്ട പ്രവേശനം ഇൗ മാസം 18ന് (റബീഉൽ അവ്വൽ ഒന്ന്) ആരംഭിക്കുമെന്ന് മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു.
ഇഅ്തമർനാ ആപ്പുമായി പ്രവേശനത്തെ ബന്ധപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മുൻകരുതൽ പാലിച്ച് ഉൾക്കൊള്ളാൻ കഴിയുന്ന 75 ശതമാനം പേർക്കായിരിക്കും ആദ്യഘട്ടത്തിൽ പ്രവേശനമെന്നും മസ്ജിദുന്നബവി കാര്യാലയം ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.