മക്ക: മഹാവ്യാധിയുടെ കരിനിഴലിലും ജീവിതത്തിലെ ഏറ്റവും അപൂർവമായി മാത്രം സിദ്ധിക്കുന്ന തീർഥാടന പുണ്യം നേടാനായ സായൂജ്യത്തിലാണ് ഹാജിമാർ. ഹജ്ജിലെ പ്രധാന ചടങ്ങുകൾ പൂർത്തീകരിച്ച അവർ പുണ്യഭൂമിയോട് വിട പറയുന്ന വൈകാരിക നിമിഷങ്ങളിലാണ്. പ്രതികൂല ഘടകങ്ങളെ അതിജീവിച്ച് വിജയകരമായി ഹജ്ജ് പൂർത്തീകരിച്ച സന്തോഷത്തിലാണ് തീർഥാടകർ. സൗദി ഭരണകൂടം തങ്ങൾക്ക് ഒരുക്കിയത് മികച്ച സേവനങ്ങളാണെന്ന് ഹാജിമാർ ഒരേ സ്വരത്തിൽ പറയുന്നു.
വിടവാങ്ങൽ ത്വവാഫിനായി മസ്ജിദുൽ ഹറാമിൽ എത്തിയ ഹാജിമാരുമായി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽ-സുദൈസ് ചർച്ച നടത്തി. തങ്ങൾക്ക് ലഭിച്ച സേവനത്തിനും സൗകര്യങ്ങൾക്കും ഹാജിമാർ നന്ദി അറിയിച്ചു. ലോകത്തിനുതന്നെ മാതൃകയാകുന്ന വിധം പഴുതടച്ച കോവിഡ് പ്രോട്ടോകോൾ പാലിച്ച് 150 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60,000 തീർഥാടകരെ പ്രയാസങ്ങൾ ഒന്നും കൂടാതെ വിജയകരമായി ഹജ്ജ് പൂർത്തിയാക്കാൻ സഹായിച്ചയച്ചതിെൻറ സന്തോഷത്തിലാണ് അധികൃതരും.
വരും നാളുകളിൽ കൂടുതൽ തീർഥാടകർക്ക് മക്കയിലെത്തി ഹജ്ജും ഉംറയും നിർവഹിക്കാൻ സൗകര്യമൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ ഭൂരിഭാഗവും. വ്യാഴാഴ്ച തന്നെ പിശാചിനെ മൂന്നു സ്തൂപങ്ങളിൽ കല്ലേറ് കർമം നിർവഹിച്ച് ഹജ്ജ് പൂർത്തീകരിച്ച് തീർഥാടകരിൽ നല്ലൊരു പങ്ക് മടങ്ങിയിരുന്നു. ബാക്കിയുള്ള ഹാജിമാർ വെള്ളിയാഴ്ച രാത്രിക്ക് മുമ്പ് മക്കയിൽനിന്ന് വിടപറയും. വ്യാഴാഴ്ച ഉച്ചയോടെ കല്ലേറ് കർമം പൂർത്തീകരിച്ച ഹാജിമാരെ ബസുകളിൽ കഅബയിലെ വിടവാങ്ങൽ പ്രദക്ഷിണത്തിനായി മസ്ജിദുൽ ഹറാമിൽ എത്തിച്ചു.
മിനയിലെ തമ്പുകളിൽനിന്ന് ലഗേജുകൾ എടുത്താണ് ഹാജിമാർ ത്വവാഫിന് പുറപ്പെട്ടത്. ഇവിടെനിന്ന് പിന്നീട് വിവിധ കവാടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് ഹാജിമാരെ എത്തിച്ചു. ഹാജിമാരുടെ ലഗേജുകൾ വീടുകളിൽ എത്തിക്കാൻ സൗദി പോസ്റ്റ് ഇത്തവണ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. 68 റിയാൽ അടക്കുന്നവർക്ക് മിനയിലെ തമ്പുകളിൽനിന്ന് ലഗേജുകൾ വീട്ടിലെത്തിക്കും. ഹാജിമാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ പദ്ധതി.
ലോകാരോഗ്യ സംഘടനയുടെ പ്രശംസ
ജിദ്ദ: ഹജ്ജ് വേളയിൽ സൗദി അറേബ്യ സ്വീകരിച്ച കോവിഡ് ആരോഗ്യ പ്രതിരോധ നടപടികളെ പ്രകീർത്തിച്ച് ലോകാരോഗ്യ സംഘടന. വിശ്വാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ സൗദി സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ടെഡ്രോസ് അദ്നോം ട്വീറ്റ് ചെയ്തു.
മക്ക ഗവർണർ മിനയിലെത്തി സേവനങ്ങൾ വിലയിരുത്തി
ജിദ്ദ: മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ മിനയിലെത്തി തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ വിലയിരുത്തി. ബലിപെരുന്നാളിനോടനുബന്ധിച്ച് മക്കയിലെ ദിയാഫ കൊട്ടാരത്തിൽ ഹറം ഇമാമുകളെയും ഖതീബുമാരെയും സ്വീകരിച്ചശേഷമാണ് മക്ക ഗവർണർ മിനയിലെത്തിയത്. മിനയിലെ അടിയന്തരചികിത്സക്കുള്ള ആശുപത്രിക്കും പൊതുസുരക്ഷ വകുപ്പിനും കീഴിലെ കൺട്രോൾ കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിച്ച് ഹജ്ജ് കാര്യങ്ങളും തീർഥാടകർക്ക് നൽകുന്ന സേവനങ്ങളും ഗവർണർ കാണുകയുണ്ടായി. ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ, പൊതുസുരക്ഷ മേധാവി ലഫ്റ്റനൻറ് ജനറൽ ഖാലിദ് ബിൻ ഖരാർ അൽഹർബി എന്നിവർ ഗവർണറെ സ്വീകരിച്ചു. തീർഥാടകർക്ക് നൽകുന്ന ആരോഗ്യസേവനങ്ങൾ ആരോഗ്യമന്ത്രി ഗവർണർക്ക് വിശദീകരിച്ചുകൊടുത്തു. ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താനും ഗവർണറോടൊപ്പമുണ്ടായിരുന്നു.
തീർഥാടകരിൽ കാൽലക്ഷം വിദേശികൾ
ജിദ്ദ: ഹജ്ജ് സീസണിലെ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി മക്ക, മശാഇർ റോയൽ കമീഷനും ഹജ്ജ് മന്ത്രാലയവും. 58,518 പേരാണ് ഹജ്ജിന് രജിസ്റ്റർ ചെയ്തത്. ഇതിൽ 32,816 പേർ പുരുഷന്മാരും 25,702 പേർ സ്ത്രീകളുമാണ്. ആകെ 60,000 പേരെയാണ് ഹജ്ജിനായി തെരഞ്ഞെടുത്തത്. അതിൽ സൗദി പൗരന്മാരുടെ എണ്ണം 33,000ത്തിലധികമാണ്. ഇതിൽ 16,753 പേർ പുരുഷന്മാരും 16,000ത്തിലധികം സ്ത്രീകളുമാണ്. തെരഞ്ഞെടുക്കപ്പെട്ടവരിൽ 25,000ത്തിലധികമാണ് വിദേശികൾ. ഇവരെല്ലാം സൗദിയിൽ താമസിക്കുന്നവരാണ്.
പുണ്യസ്ഥലങ്ങളിൽ തീർഥാടകരെ ചുവപ്പ്, പച്ച, നീല, മഞ്ഞ എന്ന് കളർ സോണുകളായി തിരിച്ചാണ് കർമങ്ങൾ അനുഷ്ഠിക്കാൻ സൗകര്യമൊരുക്കിയത്. ചുവപ്പ് വിഭാഗത്തിൽ 16,900 ഉം പച്ച വിഭാഗത്തിൽ 20,000 ഉം നീല വിഭാഗത്തിൽ 12,476 ഉം മഞ്ഞ വിഭാഗത്തിൽ 9,000വും ആയാണ് തീർഥാടകരെ തീരുമാനിച്ചത്. ഏകദേശം 213 തമ്പുകളിലും അബ്രാജ് മിന കെട്ടിടങ്ങളിൽ 848 റൂമുകളിലുമാണ് തീർഥാടകരെ താമസിപ്പിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.