മക്ക: അറഫാസംഗമം പൂർത്തിയാക്കി ശനിയാഴ്ച സൂര്യാസ്തമയത്തിനുശേഷം ഹാജിമാർ മുസ്ദലിഫയിൽ രാപ്പാർക്കലിനായി എത്തി. സുപ്രധാനമായൊരു ഹജ്ജിടമാണ് മുസ്ദലിഫ. മിനയുടെയും അറഫയുടെയും ഇടയിലാണിത്. നാല് കിലോമീറ്റർ ചുറ്റളവാണ് ഈ പ്രദേശത്തിന്. മിനായിലെ ജംറയിൽനിന്ന് മുസ്ദലിഫയിലേക്ക് മൂന്ന് കിലോമീറ്ററാണുള്ളത്.
അറഫയുടെ അതിർത്തിയിലുള്ള നമിറ പള്ളിയിലേക്ക് മുസ്ദലിഫയിൽനിന്ന് ഏഴ് കിലോമീറ്ററുണ്ട്. മിനായും മുസ്ദലിഫയും മുൻകാലങ്ങളിൽ വ്യത്യസ്ത പ്രദേശങ്ങളായിരുന്നു. എന്നാൽ ജനത്തിരക്ക് കാരണം രണ്ടിന്റെയും അതിർത്തി വിശാലമാക്കേണ്ടിവന്നു. ഇപ്പോൾ രണ്ടും വളരെ അടുത്തായി. സൗകര്യപ്രദമായ ഏത് ഇടങ്ങളിലും ഹാജിമാർക്ക് ഇവിടെ രാത്രി വിശ്രമിക്കാം.
ആദമും ഹവ്വയും സംഗമിച്ച സ്ഥലമായതിനാൽ ‘അടുത്തു’ എന്ന അർഥമുള്ള ‘ഇസ്ദലിഫ’ എന്ന പദം ലോപിച്ചാണ് ‘മുസ്ദലിഫ’ എന്ന പേരുണ്ടായതത്രേ. രാത്രിയോടടുക്കുന്ന സമയത്ത് ഹാജിമാർ മുസ്ദലിഫയിലെത്തുന്നതിനാൽ ആ സമയത്തിന് അറബിയിൽ പറയുന്ന ‘സുലഫ്’ എന്ന പദത്തിൽ നിന്നാണ് മുസ്ദലിഫ ഉണ്ടായതെന്ന പണ്ഡിതാഭിപ്രായവുമുണ്ട്. കഅബ തകർക്കാനെത്തിയ അബ്റഹത്തിന്റെ ആനപ്പടയെ നശിപ്പിച്ചുകളഞ്ഞ ‘വാദി മുഹസ്സിർ’ എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെടുന്ന പ്രദേശം മുസ്ദലിഫയുടെ ഭാഗമാണ്. എന്നാൽ ഈ ഭാഗത്ത് ഹാജിമാർ താമസിക്കാറില്ല. അറഫയിലെ സംഗമത്തിനുശേഷം പ്രഭാതം വരെ ഹാജിമാർ മുസ്ദലിഫയിലാണ് കഴിച്ചുകൂട്ടുന്നത്. ഈ സമ്പ്രദായം ഇബ്രാഹീം നബിയുടെ കാലം മുതൽ തുടർന്നുവരുന്നതാണ്.
മുസ്ദലിഫക്ക് ഖുർആൻ പ്രയോഗിച്ച പദം ‘മശ്അറുൽ ഹറാം’ എന്നാണ്. ‘അറഫയിൽനിന്ന് പുറപ്പെട്ടാൽ മശ്അറുൽ ഹറാമിനടുത്ത് അല്ലാഹുവിനെ സ്മരിക്കുവിൻ’ എന്ന ഖുർആൻ സൂക്തത്തിലെ ‘മശ്അറുൽ ഹറാം’ മുസ്ദലിഫയാണെന്നാണ് ഖുർആൻ വ്യാഖ്യാതാക്കൾ വ്യക്തമാക്കുന്നത്. മശ്അറുല്‍ ഹറാം എന്നതുകൊണ്ട് മുസ്ദലിഫ മുഴുവനുമാണ് ഉദ്ദേശ്യമെന്ന് ഇബ്നു ഉമറിനെ പോലുള്ള പ്രമുഖ പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുസ്ദലിഫയിലെ ‘ഖുസഅ്’ എന്ന കുന്നിന് താഴെയാണ് മശ്അറുല്‍ ഹറാം. ഇവിടെ ‘മശ്അറുല്‍ ഹറാം’ എന്ന പേരിൽ തുറന്ന മേൽക്കൂരയുള്ള ഒരു പള്ളിയുമുണ്ട്.
മുസ്ദലിഫയിലെ റോഡ് നമ്പര്‍ അഞ്ചിന് സമീപമാണ് ഇതുള്ളത്. 5040 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പള്ളിയില്‍ 12,000 പേര്‍ക്ക് നമസ്കരിക്കാനുള്ള സൗകര്യമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രവാചകന് ഹജ്ജിന്റെ സമയത്ത് രാത്രി താമസിച്ച സ്ഥലത്ത് പിന്നീട് നിര്‍മിച്ചതാണ് ഈ പള്ളി. മുസ്ദലിഫയിലെവിടെയും ഹാജിമാർക്ക് താമസിക്കുകയും പ്രാർഥിക്കുകയും ചെയ്യാം.
ഞായറാഴ്ച പുലർച്ചെയോടെ ഹാജിമാർ മിനായിലെ ടെൻറുകളിലേക്ക് മടങ്ങും. ബസുകളിലും മശാഇർ ട്രെയിനുകളിലുമാണ് ഹാജിമാരെ മുസ്ദലിഫയിലെത്തിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ജംറകളിൽ (സ്തൂപങ്ങളിൽ) എറിയാനുള്ള 49 കല്ലുകൾ ഹാജിമാർ ശേഖരിക്കുന്നതും മുസ്ദലിഫയിൽ നിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.