റിയാദ്: ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ രണ്ടുദിവസത്തെ സന്ദർശനത്തിന് തുടക്കം. ഞായറാഴ്ച രാവിലെ റിയാദിലെത്തിയ അദ്ദേഹം സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും ഉഭയകക്ഷി വ്യാപാരം കൂടുതൽ വൈവിധ്യവത്കരിക്കുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു.
പീയുഷ് ഗോയലിന് റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. അതിന് ശേഷം ജുബൈൽ ആൻഡ് യാംബു റോയൽ കമീഷന്റെ റിയാദിലെ ആസ്ഥാനത്ത് പോയ മന്ത്രി കമീഷൻ ചെയർമാൻ ഖാലിദ് അൽസാലെമുമായും ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പരസ്പരം പ്രയോജനകരമായ നിരവധി അവസരങ്ങളുണ്ടെന്നും അത് ഉപയോഗപ്പെടുത്താൻ കൂട്ടായ ശ്രമമുണ്ടാവണമെന്നും ഇരുവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം, തുണിവ്യവസായം എന്നീ വകുപ്പുകളുടെ കൂടി ചുമതല വഹിക്കുന്ന പീയുഷ് ഗോയൽ തിങ്കളാഴ്ച ഇന്ത്യ-സൗദി സാമ്പത്തിക നിക്ഷേപ മന്ത്രിതല സമിതി യോഗത്തില്‍ സൗദി ഊര്‍ജമന്ത്രി അമീർ അബ്ദുൽ അസീസ് ബിന്‍ സല്‍മാനോടൊപ്പം സംബന്ധിക്കും. വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രൊജക്ട്, ട്രാന്‍സ് ഓഷ്യന്‍ ഗ്രിഡ്, ഗ്രീന്‍ ഹൈഡ്രജന്‍, ഭക്ഷ്യ സുരക്ഷ, മരുന്ന്, ഊര്‍ജ സുരക്ഷ എന്നിവ ചര്‍ച്ചക്ക് വിഷയമാകും. ഇന്ത്യയിൽ 10,000 കോടി ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതിയും ചര്‍ച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.