യാംബു: ജൈവസമ്പന്ന ആവാസ വ്യവസ്ഥകളിൽ പ്രധാനപ്പെട്ട കണ്ടൽക്കാടുകൾ ചെങ്കടൽ തീരങ്ങളിൽ നിലനിർത്താനും വ്യാപകമാക്കാനും സൗദി അധികൃതർ വിവിധ പദ്ധതികൾ നടപ്പാക്കുന്നു. 'മാൻ ഗ്രോവ് ഫോറസ്റ്റ്' എന്നറിയപ്പെടുന്ന കണ്ടൽക്കാടുകൾ പ്രകൃതിദത്തമായ വർണാഭ കാഴ്ചയാണ് കടലോരങ്ങളിൽ ഒരുക്കുന്നത്. നിരവധി സമുദ്രജീവികൾക്കും പക്ഷികൾക്കുമുള്ള സംയോജിത ആവാസവ്യവസ്ഥ കൂടിയാണിത്.
പ്രകൃതിയുടെ നന്മക്കുവേണ്ടി കണ്ടൽക്കാടുകളുടെ സമഗ്രവികസനത്തിന് നിരവധി പദ്ധതികൾ തന്നെ സൗദി പരിസ്ഥിതി സംരക്ഷണ വകുപ്പിന്റെ കീഴിൽ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്നുണ്ട്. കണ്ടൽ ചെടികളുടെ നടീലിനും പരിപാലനത്തിനും ബന്ധപ്പെട്ടവർ ജാഗ്രത കാണിക്കുന്നത് ശ്രദ്ധേയമാണ്.
കണ്ടൽ ചെടികളുടെ ഉൽപാദനത്തിനും അവയുടെ വ്യാപനത്തിനും ആവശ്യമായ പ്രവർത്തനങ്ങൾക്കും വേണ്ടി യാംബു കടലോര പ്രദേശങ്ങളുടെ ഓരം ചേർന്ന് പ്രത്യേക ഫാമുകൾ രൂപപ്പെടുത്തിയിട്ടുണ്ട്.
കണ്ടൽ ചെടികളുടെ ശാസ്ത്രീയ രീതിയിലുള്ള ഉൽപാദനത്തിനും തൈകളുടെ വളർത്തലിനും കാർഷിക രംഗത്തെ അവഗാഹമുള്ള വ്യക്തികളുടെ മേൽനോട്ടത്തിൽ ധാരാളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കണ്ടൽ ചെടികളുമായി ബന്ധപ്പെട്ട് ഇവിടത്തെ ഫാമിലെ തൊഴിലാളികൾ ഏറെ സജീവമാണ്. തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന സസ്യങ്ങളാണ് കണ്ടൽ. ഉപ്പുകലർന്ന വെള്ളത്തിൽ കൂടുതലായി വളരുന്ന ഇവ വലിയ തിരമാലകൾ ഇല്ലാത്തതുകൊണ്ടാണ് ചെങ്കടൽ തീരങ്ങളിലെ പലഭാഗത്തും സമൃദ്ധമായി വളരുന്നത്.
കടലിൽനിന്ന് ഒഴുകിയെത്തുന്ന ഫലഭൂയിഷ്ഠമായ ഏക്കലും ധാതുലവണങ്ങളുമാണ് ഈ ചെടികളുടെ വളർച്ചക്ക് അടിസ്ഥാനം. കടലാക്രമണങ്ങളെയും മണ്ണൊലിപ്പിനെയും തടയാൻ കണ്ടൽക്കാടുകൾക്ക് കഴിവുണ്ട്.
ഇവയുടെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കിയാണ് സംരക്ഷണത്തിന് അധികൃതർ താൽപര്യമെടുക്കുന്നത്.
യാംബുവിലെ ചെങ്കടൽ തീരത്ത് ചില മേഖലയിലുള്ള വിശാലമായ കണ്ടൽക്കാടുകൾ സന്ദർശകർക്കും ഹൃദ്യമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.