ജുബൈൽ: പ്രവാസത്തിൽ മനുഷ്യർ നേരിടുന്ന പച്ചയായ ജീവിത യാഥാർഥ്യങ്ങളെ ആസ്പദമാക്കി ഷാജഹാൻ ജഹാംഗീർ രചിച്ച ‘മരുഭൂമിയിലെ കാലടിപ്പാടുകൾ’ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ‘സൃഷ്ടിപഥം പുബ്ലിക്കേഷൻസ്’ ആണ് കവിതകൾ പ്രസാധനം നിർവഹിച്ചിരിക്കുന്നത്. രമ കെ.ബിയുടേതാണ് അവതാരിക. പ്രവാസത്തിന്റെ കണ്ണിലൂടെയാണ് ഓരോ വരികളും വിരിയുന്നത്. ശീർഷകം പോലെ ‘യാത്ര’, ‘കൂടോത്രം’, ‘കള്ളുകുടിയൻ’ ‘ഭിക്ഷ’, ‘ഓമികൊറോണ’, ‘മക്കൾ’ തുടങ്ങി എല്ലാ കവിതകളും മികച്ചതാണെന്ന് വായനക്കാരന് അനുഭവവേദ്യമാകുന്നു.
ആധുനിക കവിതയുടെ ചിട്ടവട്ടങ്ങൾക്കപ്പുറത്ത് വായനക്കാരന്റെ ആസ്വാദ്യകതയെ പരമാവധി ഉപയോഗിക്കുവാനാണ് കവി ശ്രമിച്ചിരിക്കുന്നത്. ലളിത ഗംഭീരവും അർഥ സമ്പുഷ്ടവുമായ വരികൾ ഓരോ കവിതയുടെയും പ്രത്യേകതയാണ്. പ്രധാനമായും സോഷ്യൽ മീഡിയയിലൂടെയാണ് ഷാജഹാൻ തന്റെ രചനകളെ ആളുകൾക്ക് പരിചയപ്പെടുത്തുന്നത്. ഇതാദ്യമായാണ് പുസ്തകരൂപത്തിൽ ഒരു കൃതി പുറത്തിറങ്ങുന്നത്.
1980ൽ കൊല്ലം ജില്ലയിലാണ് ജനനം. സ്കൂൾ തല മലയാള അധ്യാപകനായ ടി. ജോർജു മാഷാണ് ഷാജഹാന്റെ കവിതയോടുള്ള പ്രണയത്തിന് കൈത്തിരി നൽകിയത്. പിതാവ് ജഹാംഗീറും ഏറെ പ്രോത്സാഹനം നൽകി. പത്തു വർഷമായി സൗദി ജുബൈലിൽ ഉള്ള ഷാജഹാൻ സിനോപെക് എന്ന കമ്പനിയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയാണ്. വിലാസം: ദാറുൽ ഫത്തഹ്, മുട്ടക്കാവ്, നെടുമ്പന, കൊല്ലം. ഇ-മെയിൽ: shanshajahan22@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.