ദമ്മാം: പത്ത് വർഷം അനുഭവിച്ച ദുരിതങ്ങളിൽ നിന്ന് കരകയറാൻ രാജ്യം മാറിച്ചിന്തിച്ചു തുടങ്ങിയെന്നും, ഇൻഡ്യ മുന്നണി ഉറപ്പായും അധികാരം നേടമെന്നും എ.ഐ.സി.സി വർക്കിങ് കമ്മിറ്റി അംഗവും, മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു. ജുബൈൽ ഫെസ്റ്റിൽ പങ്കെടുക്കാൻ സൗദിയിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. രാജ്യത്തിന് ആവശ്യം സമാധാനവും, സൗഹാർദവും വികസനവുമാണ്. അതിനുപകരം മനുഷ്യരെ വിഭജിക്കാൻ ശ്രമിക്കുന്നവരെ സഹിക്കാൻ ജനം തയാറാകില്ലെന്നും അദ്ദേഹം പറഞ്ഞു..
അതേ സമയം ഇ.വി.എം കൃത്രിമത്വം തള്ളിക്കളായാനാവില്ലെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ കഴിയുേമ്പാൾ തെരഞ്ഞെടുപ്പ് കമീഷൻ പോളിങ് ശതമാനത്തിൽ വരുത്തുന്ന മാറ്റങ്ങളും ആശങ്കഉളവാക്കുന്നതാണന്നും അദ്ദേഹം പറഞ്ഞു. ഇ.വി.എം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് ഇന്ത്യ ഒഴിവാക്കണമെന്നും സാങ്കേതികമായി വളർന്ന രാജ്യങ്ങൾ പോലും ബാലറ്റിലേക്ക് മാറിക്കഴിഞ്ഞു.എന്നാൽ ഇതിനെതിരെ തെളിവ് നൽകാൻ അനുവാദം തരാൻപോലും ഇലക്ഷൻ കമീഷൻ തയാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചാംഘട്ട പോളിങ് കഴിയുേമ്പാൾ ഇൻഡ്യ മുന്നണിയുടെ സാധ്യത ഏറുകയാണ്. തനിക്ക് ചുമതലയുള്ള മഹാരാഷ്ട്രയിൽ 30 സീറ്റിലധികം ഇൻഡ്യ സഖ്യംനേടുമെന്നും അദ്ദേഹം പറഞ്ഞു. വടക്കേ ഇന്ത്യയിൽ ഇൻഡ്യ മുന്നണി തരംഗമാണ്. കന്യാകുമാരി മുതൽ കശ്മീർവരെയും, മണിപ്പൂർ മുതൽ മുംബൈ വരെയും ഒരു മനുഷ്യൻ നടന്നു തീർത്ത് ജനങ്ങളെ രാഷ്ട്രീയ ബോധ്യം തീർത്തതിെൻറ പ്രതിഫലനമാണിത്.
കേരളത്തിൽ യു.ഡി.എഫ് മുഴുവൻ സീറ്റുകളും നേടുമെന്നുതന്നെയാണ് ഉറപ്പെന്നും അദ്ദേഹം വിശദീകരിച്ചു. ബി.ജെ.പിയിലേക്ക് പോയരൊന്നും ഉറച്ച രാഷ്ട്രീയബോധമുള്ളവരല്ല. ഇ.ഡി.യെയും ജയിലിനേയും പേടിച്ച് പോയവർ അധികാരം കിട്ടിയാൽ തിരികെ ഒഴുകുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരും വടകരയും, തിരുവന്തപുരവും കോൺഗ്രസിെൻറ പരീക്ഷണങ്ങളിൽ വിജയം കാണും. തൃശൂരിൽ പത്മജയോടൊപ്പം അവരുടെ നിഴലുപോലും പോയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിലെ കോൺഗ്രസ് നേതൃത്വം എല്ലാവരെയും ഒരുമിച്ചു നിർത്തി മുന്നോട്ടുപോകുന്നതിൽ ജാഗ്രത കാണിക്കേണ്ടതുണ്ടെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഇടത് ഭരണം തുടരാൻ കാരണം കൊറോണയാണ്. നിസ്സഹായരായ ജനം എല്ലാ കാര്യത്തിനും സർക്കാറിനെ ആശ്രയിക്കേണ്ടി വന്നു. ആ നിസ്സഹായാവസ്ഥ മുതലെടുത്താണ് അവർ അധികാരത്തിൽ തുടർന്നത്. എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. ഒന്നും ചെയ്യാത്ത അഴിമതി ഭരണം ജനങ്ങൾ മടുത്തു തുടങ്ങിയെന്നും, തെരഞ്ഞെടുപ്പിനു ശേഷം ശക്തമായ സമരപരിപാടികളുമായി യു.ഡി.എഫ് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പടം:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.