ദമ്മാം: ലോക വനിതദിനത്തോടനുബന്ധിച്ച് 'ജനാധിപത്യം, സ്ത്രീസ്വാതന്ത്ര്യം, ഹിജാബ്, ഫാഷിസ്റ്റ് ചിന്തകൾ' വിഷയത്തിൽ പ്രവാസി സാംസ്കാരികവേദി വനിത വിഭാഗം ടേബ്ൾ ടോക് സംഘടിപ്പിച്ചു. അതിദേശീയത, മാധ്യമങ്ങൾ, വ്യക്തിസ്വാതന്ത്ര്യം ജുഡീഷ്യറി തുടങ്ങിയവക്കു മേലുള്ള കടന്നുകയറ്റം, പ്രതികരിക്കുന്നവരെ അടിച്ചമർത്തൽ എന്നിവ ഫാഷിസത്തിന്റെ പ്രധാന ലക്ഷണങ്ങളാണെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ. സിന്ധുബിനു അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ ശബ്ദം ശരിയായ രീതിയിൽ ജനങ്ങളിലെത്തിക്കണമെങ്കിൽ സ്ത്രീ രാഷ്ട്രീയപരമായും നേതൃപരമായും ഉയരങ്ങളിലെത്തണമെന്നും സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് ഭാവിതലമുറക്കുകൂടി വേണ്ടിയാണെന്നും അധ്യാപികയും സാമൂഹികപ്രവർത്തകയുമായ ലീന ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഹിജാബിനെതിരായ കോടതിവിധിക്കുശേഷം ഒരുമിച്ചിരുന്ന് പഠിച്ചിരുന്ന സഹപാഠികൾപോലും വിദ്വേഷമനോഭാവത്തോടെ നോക്കുന്നത് വളരെയധികം വേദനജനകമാണെന്നും വിദ്യാർഥിനി സേബ അലി പറഞ്ഞു. പാഠപുസ്തകങ്ങളിൽനിന്ന് ജനാധിപത്യത്തെയും മതേതരത്വത്തെയുംകുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിമാറ്റപ്പെടുന്നതിലെ ആശങ്ക ചർച്ചയിൽ പങ്കെടുത്ത ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായ ശ്രീലക്ഷ്മി പങ്കുവെച്ചു.
കുഞ്ഞുമനസ്സുകളിൽ ഫാഷിസം കുത്തിനിറക്കുന്നതിന്റെ ഭാഗമായാണ് സ്കൂളിൽ ഹിജാബ് ധരിക്കുന്നതിനെ തടയുന്നതെന്നും നീതിക്കായി സമീപിക്കുന്ന കോടതിയും നീതിയെ വളച്ചൊടിക്കുകയാണ് ചെയ്യുന്നതെന്നും ഇന്ത്യൻ സ്കൂൾ അധ്യാപികയായ അനീസ ഷാനവാസ് അഭിപ്രായപ്പെട്ടു. സ്ത്രീയെന്നും പുരുഷ മേൽക്കോയ്മയുടെ ഇരകളായാണ് കാണപ്പെടുന്നതെന്നും സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി സംസാരിക്കുന്നവർ ഫെമിനിസ്റ്റുകളായാണ് ചിത്രീകരിക്കപ്പെടുന്നതെന്നും ഫത്വ കൊടുക്കുന്നത് അമുസ്ലിം മുഫ്തിമാരാണെന്നും തനിമ വനിത വിഭാഗം മുൻ വനിത പ്രസിഡന്റും അധ്യാപികയുമായ ശബ്ന അസീസ് പറഞ്ഞു. പ്രവാസി വനിത വിഭാഗം പ്രസിഡൻറ് സുനില സലീം വിഷയം അവതരിപ്പിച്ചു.
അനീസ മെഹബൂബ് മോഡറേറ്ററായിരുന്നു. നജല ഹാരിസ് സ്വാഗതവും റഷീദ അലി നന്ദിയും പറഞ്ഞു. സജ്ന ഷക്കീർ, മുഫീദ സ്വാലിഹ്, സോഫിയ മുഹമ്മദ്, അലീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫാത്തിമ ഹാഷിം അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.