റിയാദ്: രാജ്യത്തെ സിവിൽ ക്രിമിനൽ നിയമങ്ങളടക്കം വംശീയ മുൻവിധികളോടെ മാറ്റിമറിക്കപ്പെടുന്ന സന്ദർഭത്തിലാണ് നമ്മുടെ രാജ്യമെന്നും ഇനി ‘ഹിന്ദുത്വ ഫാഷിസ്റ്റ് രാജ്യ’ പ്രഖ്യാപനം മാത്രമാണ് അവശേഷിക്കുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ. ഷഫീഖ് പറഞ്ഞു. സുപ്രീംകോടതിയുടെ അവകാശം റദ്ദ് ചെയ്തുകൊണ്ട് തെരഞ്ഞെടുപ്പ് കമീഷനെ നിയോഗിക്കാനുള്ള അധികാരം ഗവൺമെന്റിന്റെ തീരുമാനങ്ങൾക്ക് മേൽക്കൈ ലഭിക്കുന്നവണ്ണം ഭേദഗതി വരുത്തിയതും ഗൂഢോദ്ദേശ്യങ്ങളോടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗദി അറേബ്യയിലെ പാർട്ടി ഭാരവാഹികളെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം കത്തിയെരിയുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുകയും മണിപ്പൂരോ ഹരിയാനയോ സന്ദർശിക്കാതിരിക്കുകയും ചെയ്തത് അപരാധമാണ്. കൃത്യമായ സ്ക്രിപ്റ്റും ഷെഡ്യൂളും വെച്ചുകൊണ്ടാണ് സംഘ്പരിവാർ രാജ്യത്തിന്റെ ഘടനയെത്തന്നെ അട്ടിമറിക്കുന്നത്. പ്രതിപക്ഷ കക്ഷികളുടെ ദൗർബല്യങ്ങളും ട്രില്യൺ കണക്കിന് സമ്പത്തിന്റെ പിൻബലവും കൊണ്ടാണ് അവർ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. ഇതിനെ നേരിടാൻ ആശയവ്യക്തതയും ആദർശ പിൻബലവും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍ഡ്യ എന്ന പേരില്‍ രൂപപ്പെട്ട സഖ്യം പ്രതീക്ഷ നല്കുന്നതാവുമ്പോഴും രാജ്യതലസ്ഥാനത്തുനിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹരിയാനയിലെ ജനങ്ങളിലേക്ക് അവര്‍ക്ക് ഇനിയും എത്താന്‍ കഴിഞ്ഞിട്ടില്ല.
ഇരകളെ ചേര്‍ത്തുപിടിച്ചുകൊണ്ടല്ലാതെ ഫാഷിസത്തിനെതിരായ പോരാട്ടത്തെ മുന്നോട്ടുകൊണ്ടുപോകാനാവില്ല. ഇന്‍ഡ്യ സഖ്യം ഇരകളുടെ വിഷയത്തില്‍ സെലക്ടിവാകുന്നോ എന്ന സംശയം അദ്ദേഹം പ്രകടിപ്പിച്ചു. പ്രവാസി വെൽഫെയർ സൗദി പ്രസിഡൻറ് സാജു ജോർജ് അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി വർധിതവീര്യത്തോടെ പ്രവർത്തിക്കാൻ അദ്ദേഹം പാർട്ടി പ്രവർത്തകരെ ആഹ്വാനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് സംസാരിക്കുകയും അന്വേഷണങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. പ്രവാസി വെൽഫെയർ സൗദി നാഷനൽ, പ്രോവിൻസ്, ജില്ല, ഏരിയ, യൂനിറ്റ് ഭാരവാഹികളായ ഇരുന്നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. നാഷനൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ (ജിദ്ദ) സ്വാഗതവും ട്രഷറർ സമീഉല്ല (ദമ്മാം) നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.