റിയാദ്: കഷ്ടതയനുഭവിക്കുന്ന മനുഷ്യരുടേയും ചെറിയ വരുമാനമുള്ള പ്രവാസികളുടേയും അധരങ്ങളിൽ പുഞ്ചിരി വിരിയിച്ച് പ്രവാസി വെൽഫെയർ റിയാദ് ഘടകം. പെരുന്നാളിനോടനുബന്ധിച്ച് സാധാരണ തൊഴിലാളികൾക്ക് പുതിയ ഷർട്ടും മധുരവുമടങ്ങുന്ന സമ്മാനങ്ങൾ നൽകിയാണ് ഇവർ സന്തോഷം പകർന്ന് നൽകിയത്. ലേബർ ക്യാമ്പുകൾ, മരുഭൂമിയിലെ ഇടയന്മാർ, കൃഷിയിടങ്ങളിൽ കഴിയുന്നവർ എന്നിവരെ കേന്ദ്രീകരിച്ചാണ് പ്രവാസി 'പെരുന്നാൾ കുപ്പായമെന്ന' പരിപാടി ആവിഷ്കരിച്ചത്.
വിവിധ ദേശക്കാരും ഭാഷക്കാരുമായ നൂറുകണക്കിന് ആളുകളിലേക്ക് ഈ സ്നേഹ സമ്മാനം രണ്ട് മൂന്ന് ദിവസങ്ങൾക്കൊണ്ട് കൈമാറി. പ്രവർത്തകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സ്വന്തമായി പെരുന്നാൾ ഡ്രസ്സ് എടുക്കുമ്പോൾ 'അധികമൊന്ന് സഹോദരനും' വാങ്ങിക്കുവാൻ ആവശ്യപ്പെടുകയായിരുന്നു. 'പ്രവാസി'യുടെ വെൽഫെയർ വിഭാഗമാണ് ഈ ആശയം പ്രയോഗവത്കരിച്ചത്.
വളരെ ആവേശകരമായ പ്രതികരണമാണ് ആളുകളിൽ നിന്നും ലഭിച്ചത്. ടീം വെൽഫയർ കൺവീനർ റിഷാദ് എളമരത്തിന്റെ നേതൃത്വത്തിൽ ഷാനിദ് അലി, അംജദ് അലി, നിഹ്മത്തുല്ല, ശബീർ അഹ്മദ്, അഡ്വ. ഷാനവാസ്, അജ്മൽ ഹുസൈൻ, റഊഫ് സഫയർ എന്നിവർ നേതൃത്വം നൽകി. റിയാദിന്റെ വിവിധ ദിക്കുകളിൽ ബാരിഷ് ചെമ്പകശ്ശേരി, ശിഹാബ് കുണ്ടൂർ, നിയാസ്, അസ്ലം മാസ്റ്റർ, അഷ്ഫാഖ് കക്കോടി, അമീർ, അബ്ദുറഹ്മാൻ, ജവാദ്, ആതിഫ് എന്നിവരടങ്ങിയ വിവിധ ടീമുകൾ വിതരണം നടത്തി. പുണ്യമാസത്തിനറുതി കുറിച്ച് ശവ്വാലമ്പിളി വാനിൽ തെളിയുമ്പോൾ ഒരുപറ്റം സാധാരണ മനുഷ്യർക്കും ആഹ്ലാദത്തോടെ പെരുന്നാളിനെ വരവേൽക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.