ജിദ്ദ: സ്നേഹത്തിന്റെയും മാനവികതയുടെയും രാഷ്ട്രീയം പ്രചരിപ്പിച്ചു മാത്രമേ നമ്മുടെ രാജ്യത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അഖണ്ഡതയും ധാർമികതയും വീണ്ടെടുക്കാൻ കഴിയുകയുള്ളൂവെന്ന് മണിപ്പൂരിൽ നടക്കുന്ന ക്രിസ്തീയ വംശഹത്യക്കെതിരെ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച പ്രതിരോധസംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പൗരന്റെ അന്തസ്സിന് ഏറ്റവും ഉയർന്ന സ്ഥാനം കൽപിക്കുന്ന ലോകത്തിലെ ഏറ്റവും സുന്ദരമായ ഭരണഘടനയുള്ള ഒരു രാജ്യത്തുനിന്നുകൊണ്ട്, ആ രാജ്യത്ത് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് നഗ്നരായി തെരുവിലൂടെ ആട്ടിയോടിക്കപ്പെടുന്ന സ്ത്രീകളെക്കുറിച്ച് സംസാരിക്കേണ്ടിവരുന്നു എന്നത് ലജ്ജാകരമാണ്.
ഗുജറാത്തും മുസഫർനഗറും യാദൃച്ഛിക സംഭവങ്ങളായിരുന്നില്ലെന്നും അധികാരത്തിലിരിക്കുന്ന സർക്കാറുകളുടെ പൂർണ പിന്തുണയോടെ തികഞ്ഞ ആസൂത്രണത്തോടെ സംഘ്പരിവാർ നടത്തിയ ഉന്മൂലനമായിരുന്നുവെന്നും വെറുപ്പിന്റെ പ്രത്യയശാസ്ത്രം ആധാരമാക്കിയ ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആൾ പ്രധാനമന്ത്രിയായാലും അദ്ദേഹത്തിന്റെ ചിന്തകൾ മാറുന്നില്ലെന്നുതന്നെയാണ് അദ്ദേഹത്തിന്റെ നീണ്ട മൗനവും അതിനുശേഷമുള്ള പ്രതികരണവും കാണിക്കുന്നത്.
മീഡിയകളെയും ജുഡീഷ്യറിയെപ്പോലും വിലക്കെടുക്കുന്ന സംഘ്പരിവാർ നമ്മുടെ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്നറിയാൻ ഗുജറാത്ത് കോടതികളിൽനിന്ന് വരുന്ന വിധികളും രാജ്യത്തെ മാധ്യമങ്ങളിൽ വരുന്ന വാർത്തകളും മാത്രം ശ്രദ്ധിച്ചാൽ മതി.
വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ എതിരിടാൻ സ്നേഹത്തിന്റെയും മാനവികതയുടെയും രാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ട് നമ്മുടെ രാജ്യത്തിന് നഷ്ടപ്പെട്ട ധാർമികത വീണ്ടെടുക്കേണ്ടതുണ്ട്, അതിനായി ഭരണഘടനാമൂല്യങ്ങൾക്ക് വിലകൽപിക്കാത്ത സംഘ് പരിവാറിനെ ജനാധിപത്യമാർഗങ്ങളിലൂടെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യ വിശ്വാസികൾക്കുണ്ടെന്നും വിഷയാവതാരകൻ ബഷീർ ചുള്ളിയൻ ഓർമിപ്പിച്ചു.
സനാതന ധർമങ്ങളെയും ആർഷഭാരത സംസ്കാരത്തെയും കുറിച്ച് വാതോരാതെ പറയുന്നവർ സർക്കാറിന്റെ പിന്തുണയോടെ നടത്തുന്ന ബലാത്സംഗങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളെയും ആദിവാസികളെയും തിരഞ്ഞുപിടിച്ചു വേട്ടയാടുകയും ചെയ്യുന്നത് ആസൂത്രിത നീക്കങ്ങളാണ്.
ഇതിനെ നിസ്സംഗതയോടെ നോക്കിനിൽക്കുന്ന ഒരു ജനസമൂഹമായി നമ്മൾ മാറിക്കഴിഞ്ഞു. കേരളത്തിൽപോലും സ്ഥിതിഗതികൾ വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണ്. കെട്ടിയിറക്കപ്പെടുന്ന ‘കേരള സ്റ്റോറി’ പോലുള്ള നുണക്കഥകൾ ഇതാണ് കാണിക്കുന്നത്. ഈ സ്ഥിതി ഭയാനകമാണെന്ന് തുടർന്ന് സംസാരിച്ച സാമൂഹിക-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ഹിറ്റ്ലറുടെ നാസി ജർമനിയുമായി ഇന്നത്തെ ഭരണകൂടത്തിനുള്ള സാമ്യതകൾ യാദൃച്ഛികമല്ല. ഫാഷിസത്തിന്റെ വിജയരഹസ്യം അവരുടെ ശക്തിയോ അധികാരമോ ആദർശമോ ഒന്നുമല്ലെന്നും അവരുടെ ആക്രമണങ്ങൾ കൺമുന്നിൽ അരങ്ങേറിയിട്ടും മൗനം പൂണ്ട് നിസ്സംഗരായിരിക്കുന്ന ബഹു ഭൂരിപക്ഷം വരുന്ന നമ്മെപ്പോലെയുള്ളവരുടെ ഭീരുത്വവും അതുപോലെതന്നെ ഓരോ 10 വർഷം കൂടുമ്പോഴും കൃത്യമായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന വംശഹത്യകളെ കലാപമായി ചുരുക്കുന്ന മാധ്യമങ്ങളുമാണെന്ന് പ്രതിരോധസംഗമത്തിൽ പങ്കെടുത്തവർ ഓർമിപ്പിച്ചു.
പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല മുക്കണ്ണി, എ.എം. സജിത്ത്, നസീർ ബാവ കുഞ്ഞു, മിർസ ഷെരീഫ്, ഇബ്രാഹീം ഷംനാട്, ശിഹാബ് കരുവാരകുണ്ട്, കബീർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. ജെസീന ബഷീർ സ്വന്തമായി രചിച്ച കവിതയും അരുവി മോങ്ങത്തിന്റെ കവിത അബ്ദുല്ലത്തീഫ് കരിങ്ങനാടനും ആലപിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡൻറ് സുഹ്റ ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.