യാംബു: പ്രവാസി വെൽഫെയർ യാംബു മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. യാംബു ടൊയോട്ട ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ യാംബു മേഖല പ്രസിഡന്റ് സഫീൽ കടന്നമണ്ണ അധ്യക്ഷത വഹിച്ചു.
സലിം വേങ്ങര സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണം നിർവഹിച്ചു. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ നട്ടെല്ലായ ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് സ്വാതന്ത്ര്യവും നീതിയുക്തവുമായ അവകാശങ്ങൾ ഉറപ്പുനൽകുന്നുവെന്നും അത് സംരക്ഷിക്കുവാൻ നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷൗക്കത്ത് എടക്കര ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. തൗഫീഖ് മമ്പാട് ‘ഇന്ത്യൻ സ്വാതന്ത്ര്യസമരം’ എന്ന വിഷയത്തിലധിഷ്ഠിതമായ ക്വിസ് മത്സരം നടത്തി.
പ്രവാസി വെൽഫെയറിന്റ കീഴിൽ ഹജ്ജ് വളന്റിയർ സേവനം നിർവഹിച്ച യാംബുവിലെ പ്രവർത്തകർക്കുള്ള അംഗീകാര സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. നിയാസ് യൂസുഫിന്റെ നേതൃത്വത്തിൽ നടന്ന ഗാനസന്ധ്യയിൽ സുഹൈൽ മലപ്പുറം, റഈസ് ആലുവ, അഫ്ര ബഷീർ, ബഷീർ അൽ മജാൽ, ഷൗക്കത്ത് എടക്കര, നബീല സുലൈമാൻ, ആയിഷ റയാൻ, ഷാജി കരുളായി, തൗഫീഖ് മമ്പാട് തുടങ്ങിയവർ ഗാനമാലപിച്ചു.
പ്രവാസി വെൽഫെയർ യാംബു ടൗൺ യൂനിറ്റ് പ്രസിഡന്റ് സുറൂർ തൃശൂർ സ്വാഗതം പറഞ്ഞു. ഫൈസൽ കോയമ്പത്തൂർ, സാജിദ് വേങ്ങൂർ, നാസർ തൊടുപുഴ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.