ദമ്മാം: പ്രവാസികൾ നിർമാണവും സംവിധാനവും നിർവഹിച്ച 'ഉരു'എന്ന സിനിമക്ക് റിലീസിന് മുമ്പേ മൂന്ന് അവാർഡുകൾ. പ്രേം നസീർ ഫൗണ്ടേഷൻ നാലാമത് ചലച്ചിത്ര പുരസകാരങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്. സംസ് പ്രൊഡക്ഷൻ ആണ് 'ഉരു'സിനിമ നിർമിച്ചത്.
ജൂറി ചെയർമാൻ പ്രമോദ് പയ്യന്നൂർ, ജൂറി മെംബർമാരായ ടി.എസ്. സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോൻ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്തസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
ഉരു സംവിധായകൻ ഇ.എം. അഷ്റഫ് പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹനായി. മികച്ച സാമൂഹിക പ്രതിബദ്ധതക്കുള്ള അവാർഡ് നിർമാതാവ് മൻസൂർ പള്ളൂരിനാണ്.
ഉരുവിലെ 'കണ്ണീർ കടലിൽ'എന്ന ഗാനം രചിച്ച പ്രഭാവർമക്ക് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും ലഭിച്ചു. ബേപ്പൂരിലെ ഉരു നിർമാണ തൊഴിലുമായി ബന്ധപ്പെട്ട സിനിമ ഇതുവരെ ആരും സ്പർശിക്കാത്ത വിഷയമാണെന്ന് നാടക ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ ചെയർമാനായ ജൂറി കമ്മിറ്റി വിലയിരുത്തി.
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അറബ് കേരള ബന്ധത്തിന്റെ തുടക്കം ഉരു നിർമാണവുമായി ബന്ധപ്പെട്ടാണ്. വാണിജ്യ നൗകയായും ആഡംബര കപ്പലായും ഉരുവിനെ ഉപയോഗിക്കുന്ന അറബ് വംശജർ കോഴിക്കോട്ടെ ബേപ്പൂരിൽ എത്തിയതോടെയാണ് പ്രവാസത്തിന്റെ തുടക്കം കുറിക്കുന്നത്. ഉരു സിനിമ ഈ ചരിത്രവും അനാവരണം ചെയ്യുന്നു.
ഉരുവിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചത് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്റഫാണ്.
മാമുക്കോയ മൂത്താശാരിയായി അഭിനയിക്കുന്ന ചിത്രത്തിൽ മഞ്ജു പത്രോസ്, മനോജ്, അനിൽ ബേബി, അജയ് കല്ലായി, അർജുൻ എന്നിവർ അഭിനയിക്കുന്നു. എ. സാബു, സുബിൻ എടപ്പാകാത്ത എന്നിവർ സഹ നിർമാതാക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.