പ്രഥമ സൗദി സ്ഥാപക ദിനം കൊണ്ടാടാൻ രാജ്യമാകെ വിപുലമായ ഒരുക്കം

റിയാദ്: മൂന്ന് ശതാബ്ദങ്ങൾക്ക് മുമ്പ്, 1727 ന്റെ തുടക്കത്തിൽ (ഹിജ്‌റ വർഷം 1139 ന്റെ മധ്യത്തിൽ) ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമ പുതുക്കുകയാണ് സൗദി അറേബ്യ. രാജ്യത്ത് ആദ്യമായി ആഘോഷിക്കുന്ന സ്ഥാപക ദിനം (ഫെബ്രുവരി 22) വർണാഭമാക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സൗദിയിലെ പ്രധാന നഗരങ്ങളെല്ലാം ആഘോഷ പരിപാടികൾക്ക് സാക്ഷ്യം വഹിക്കും.

തലസ്ഥാന നഗരിയായ റിയാദിലെ പ്രധാന വിനോദ മേഖലയായ വാദി നിമാറിൽ ഉൾപ്പടെ 3500 കലാപ്രകടനങ്ങൾ അരങ്ങേറും. സ്ഥാപകദിന വേഷം ധരിച്ചവർക്കായിരിക്കും ബോളീവാർഡിലേക്ക് ചൊവ്വാഴ്ച പ്രവേശനം അനുവദിക്കുക എന്ന് സംഘാടകർ നേരത്തെ അറിയിച്ചിട്ടുണ്ട്. റിയാദ് സീസന്റെ പ്രധാന വേദിയായ ബോളീവാർഡ് രാജ്യത്ത് നടക്കുന്ന സൗദി സ്ഥാപക ദിന ആഘോഷത്തിന്റെ കേന്ദ്ര വേദിയാകും. 'ദ ഫൗണ്ടിങ് ഓപ്പറേറ്റ' എന്ന തലവാചകത്തിൽ വിഖ്യാത സൗദി ഗായകൻ മുഹമ്മദ് അബ്ദുവിന്റെ നായകത്വത്തിൽ രാജ്യത്തിന്റെ ചരിത്രം പറയുന്ന സംഗീത നൃത്ത പരിപാടികൾ അരങ്ങിലെത്തും.

ഫെബ്രുവരി 24 ന് വ്യാഴാഴ്ച കരിമരുന്ന് പ്രയോഗവും ആകാശത്ത് ഡ്രോണുകളുടെ ചരിത്രമെഴുത്തുമായി വിസ്മയ കാഴ്ചയൊരുക്കും. കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിനും അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിനുമിടയിൽ ആസ്വാദകർക്ക് ഈ കാഴ്ചകൾ കാണാൻ സൗകര്യമൊരുക്കും. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ റിയാദിലെ ബത്ഹ നഗരത്തിനടുത്തുള്ള നാഷനൽ മ്യുസിയം പാർക്കിൽ ആഘോഷ പരിപാടിയുടെ ഭാഗമായി മജിലിസുകളൊരുങ്ങും. സൗദിയുടെ ചരിത്രം പറയാനും അറിയാനും പ്രത്യേക സംവാദ വേദികളാണ് മജിലിസിന്റെ പ്രധാന ആകർഷണമാകുക. സൗദിയിലെ പുരാതന സൂഖുകൾ പ്രതേകം അലങ്കരിക്കും. ഇവിടങ്ങളിൽ സൗദിയുടെ ആതിഥേയത്വത്തിന്റെ അടയാളങ്ങൾ പ്രദർശിപ്പിക്കും. തുടങ്ങി രാജ്യത്തിന്റെ ചരിത്രവും സാംസ്കാരിക സാമൂഹികവുമായ പൈതൃകം ഉയർത്തി പിടിക്കുന്ന ഒട്ടനവധി പരിപാടികൾക്കും കല പ്രകടനങ്ങൾക്കും രാജ്യത്തിന്റെ വിവിധ പ്രവിശ്യകൾ സാക്ഷിയാകും.

ആഘോഷങ്ങളുടെ ഭാഗമാകാൻ ചെറുകിട വൻകിട സ്ഥാപനങ്ങളും മറ്റ് സേവന മേഖലകളും അവരുടെ ഉത്പന്നങ്ങൾക്കും സേവനത്തിനും പ്രതേക ഓഫാറുകൾ പ്രഖ്യാപിച്ചിട്ടുണ്. സൗദിയുടെ ചരിത്രം പറയുന്ന ഭൂപ്രദേശങ്ങൾ, പഴയകാല ചിത്രങ്ങൾ, നൂറ്റാണ്ടുകൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, അക്കാലത്തെ തെരുവ് ചന്തയുടെ ചിത്രം തുടങ്ങി പഴയ സൗദിയിലേക്ക് ശ്രദ്ധ തിരിക്കുന്ന ചിഹ്നങ്ങൾ ട്വിറ്റർ സ്നാപ്പ് ചാറ്റ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ആഘോഷത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്നുണ്ട്.

സ്ഥാപക ദിനമായ ഫെബ്രുവരി 22 ഇനി എല്ലാ വർഷവും സൗദിയിൽ പൊതുഅവധിയായിരിക്കും. 2005 ൽ അബ്ദുല്ല രാജാവിന്റെ ഭരണകാലത്താണ് സൗദി ദേശീയ ദിനമായ സെപ്റ്റംബർ 23 ന് രാജ്യത്ത് പൊതു അവധി നൽകുന്നത്. അതിന് ശേഷമുള്ള പൊതുഅവധി ഈ വരുന്ന സൗദി സ്ഥാപക ദിനമാണ്. ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനും ദേശീയ ദിനത്തിനും പുറമെ ഒരു വാർഷിക അവധികൂടി ലഭിച്ചതിന്റെ ആഹ്ളാദം കൂടിയുണ്ട് ഈ ആഘോഷത്തിന് മാറ്റ് കൂട്ടാൻ.

Tags:    
News Summary - preparations for first Saudi Foundation Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.