റിയാദ്: രാജ്യത്തെ എല്ലാത്തരം ഭക്ഷണശാലകളിലും ഭക്ഷണ വിഭവങ്ങളിലെ കലോറിയുടെ അളവ് പ്രദർശിപ്പിച്ചില്ലെങ്കിൽ കടുത്ത നടപടി. കഴിഞ്ഞവർഷമാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) കടകളിൽ കലോറി ലിസ്റ്റ് പ്രദർശനം നിർബന്ധമാക്കി ഉത്തരവിട്ടത്.
ഭക്ഷണശാലകളിൽ വിളമ്പുന്ന ഭക്ഷണത്തിലെ ഒാരോ വിഭവങ്ങളുടെയും കലോറിയുടെ അളവ് ഉപഭോക്താവ് കാണുംവിധത്തിൽ കടകളിൽ പ്രദർശിപ്പിക്കണം. രാജ്യത്തെ മുഴുവൻ ലഘുഭക്ഷണശാലകൾ (ബൂഫിയകൾ), റസ്റ്റാറൻറുകൾ, ഹോട്ടലുകൾ എന്നിവ ഇൗ നിബന്ധന നിർബന്ധമായും പാലിക്കണം. ഉത്തരവ് വന്നയുടൻതന്നെ ഓരോ ഭക്ഷണത്തിലും അടങ്ങിയിരിക്കുന്ന കലോറിയുടെ അളവുകൾ മിക്ക ഭക്ഷണശാലകളും പ്രദർശിപ്പിച്ച് തുടങ്ങിയിരുന്നു. സ്ഥാപനങ്ങളിൽ പതിപ്പിച്ചിരിക്കുന്ന വലിയ ബോർഡുകളിലാണ് ഇവ രേഖപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താവിന് ഇത് കൃത്യമായി വായിച്ച് എത്രത്തോളം കലോറിയാണ് കഴിച്ചത് എന്ന് മനസ്സിലാക്കാൻ കഴിയും.
എന്നാൽ, ഇത് പ്രദർശിപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി ഇപ്പോൾ കർശനമാക്കിയിരിക്കുന്നു. ആദ്യ ഘട്ടത്തിൽ ചെറിയ തുകയാണ് നിയമലംഘനത്തിനുള്ള പിഴയായി ഇൗടാക്കുന്നത്. എന്നാൽ, ലിസ്റ്റ് പ്രദർശിപ്പിക്കുന്നതിൽ വീഴ്ച ആവർത്തിച്ചാൽ പിഴതുക ഭീമമായി മാറുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
റസ്റ്റാറൻറുകൾ, കഫേകൾ, സൂപ്പർമാർക്കറ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവക്ക് പുറമേ ഐസ്ക്രീം, ജ്യൂസ്, ബേക്കറി, മധുരപലഹാരങ്ങൾ എന്നിവ വിൽക്കുന്ന കടകൾ ഉൾപ്പെടെ എല്ലാ ഭക്ഷണശാലകളിലും കലോറി ഉപഭോഗത്തിെൻറ പട്ടിക പ്രദർശിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.