ലോകകപ്പ് ജയം: നാളെ സൗദിയിൽ പൊതുഅവധി പ്രഖ്യാപിച്ച് സൽമാൻ രാജാവ്

ജിദ്ദ: ഇന്ന് ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ അർജന്റീനക്കെതിരെ സൗദി ടീം നേടിയ അട്ടിമറി വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നാളെ സൗദിയിൽ പൊതു അവധി.

സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പൊതു അവധി പ്രഖ്യാപിച്ചത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിർദേശത്തെത്തുടർന്നാണ് സൽമാൻ രാജാവിന്റെ ഉത്തരവ്.

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ സ്ഥാപങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു അർജന്റീനയെ വീഴ്ത്തിയ സൗദിയുടെ ജയം. ലുസൈൽ മൈതാനത്തെ ഗ്രൂപ്പ്‌ സി ആവേശപ്പോരിൽ രണ്ട് തവണ ലോക ജേതാക്കളായ മെസ്സി സംഘത്തെ ഒന്നിനെതിരെ രണ്ടു ഗോളിന് ആണ് സൗദി മറികടന്നത്.

10ാം മിനിറ്റിൽ പെനാൽറ്റി ഗോൾ ആക്കി മെസ്സി അർജന്റീനക്ക് ലീഡ് നൽകിയത്, ആദ്യപകുതിയിൽ വൻ മാർജിനിൽ വിജയത്തിലേക്ക് എന്ന് തോന്നിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുവട്ടം ഗോൾ വഴങ്ങി തോൽവി ചോദിച്ചുവാങ്ങിയത്. അർജന്റീന മൂന്ന് തവണ വല കുലുക്കിയത് ഓഫ് സൈഡ് കെണി ഒരുക്കി ഇല്ലാതാക്കിയാണ് സൗദിയുടെ വിജയം.

തുടർച്ചയായ 36 കളികൾ തോൽവി അറിയാതെ കുതിച്ച അർജന്റീന തന്നെയായിരുന്നു ആദ്യാവസാനം കളി നയിച്ചത്. എന്നാൽ, എതിർമുന്നേറ്റത്തെ കോട്ടകെട്ടി കാത്തും കിട്ടിയ അവസരങ്ങൾ പാഴാ​ക്കാതെയും സൗദി ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ നാലാമത്തെ വിജയം സ്വന്തമാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 5 മിനിറ്റ് ഇടവേളയിലായിരുന്നു രണ്ട് ഗോളുകൾ എത്തിയത്. 48ാം മിനിറ്റിൽ സാലിഹ് അൽ ഷഹ്‌റിയും 53 ആം മിനിറ്റിൽ സാലിം അൽ ദൗസരിയും വലകുലുക്കി. സൗദിയുടെ അബ്ദുൽ ഇലാഹ് അംരി ആണ് മാൻ ഓഫ് ദി മാച്ച്.

ടൂർണമെന്റ് ഫേവറേറ്റുകളായി ഖത്തറിലെ ഏറ്റവും വലിയ കളിമുറ്റത്ത് സ്കെലോനിയുടെ കുട്ടികൾക്ക് ഇതോടെ നോക്ക്ഔട്ട് കടമ്പ കടുപ്പമേറിയതായി. മെക്സിക്കോ, പോളണ്ട് ടീമുകളെ തോൽപ്പിച്ചു വേണം ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് കടക്കാൻ. ശനിയാഴ്ച മെക്സിക്കോക്ക് എതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.

കളിയുടെ 70 ശതമാനം നിയന്ത്രണം നിലനിർത്തുകയും 15 ഷോട്ടുകളിൽ ഗോൾ എന്നുറച്ച 6 ഷോട്ടുകൾ പായിക്കുകയും ചെയ്തിട്ടും ജയം മാത്രം അന്യം നിന്നത് ടീമിന് നിർഭാഗ്യം കൂടി ആയി. അതിവേഗവുമായി കളം നിറഞ്ഞ മെസി സംഘത്തെ പിടിച്ചു കെട്ടാൻ പലപ്പോഴും പരുക്കൻ കളി പുറത്തെടുത്ത സൗദി ടീമിൽ ആറു പേർക്കാണ് മഞ്ഞക്കാർഡ് ലഭിച്ചത്.

Tags:    
News Summary - Saudi Arabia declares public holiday on Wednesday after historic win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.