റിയാദ്: സൗദിയിൽ പൊതുഗതാഗത രംഗത്തെ നിയമലംഘനങ്ങൾ വർധിച്ചതായി റിപ്പോർട്ട്. 2021നെ അപേക്ഷിച്ച് 2022ൽ നിയമലംഘനങ്ങളിൽ 159 ശതമാനത്തിന്റെ വർധനവുണ്ടായി. റോഡു മാർഗമുള്ള ചരക്ക് ഗതാഗതങ്ങളിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. പൊതുഗതാഗത രംഗത്തെ നിയമലംഘനങ്ങളിൽ വൻ വർധനവാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. 4,14,000 നിയമ ലംഘനങ്ങൾ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തു.
എന്നാൽ, 2021ൽ ഇത് 1,60,000 ആയിരുന്നു. 159 ശതമാനം വർധനവാണ് മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ നിയമ ലംഘനങ്ങളിൽ 37 ശതമാനം റോഡ് മാർഗമുള്ള ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ടുള്ളതാണ്. 29 ശതമാനം ഓൺലൈൻ ടാക്സി മേഖലയിലും 24 ശതമാനം പബ്ലിക്ക് ടാക്സി, എയർപോർട്ട് ടാക്സി മേഖലയിലുമാണ് കണ്ടെത്തിയത്. ശേഷിക്കുന്ന നിയമ ലംഘനങ്ങൾ ബസ്, കപ്പൽ സർവിസ് മേഖലകളിലാണ്.
പൊതുഗതാഗത അതോറിറ്റിക്കുകീഴിലെ ‘വാസൽ പ്ലാറ്റ്ഫോമി’ൽ 3,28,000 വാഹനങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗതാഗത മേഖലാ സ്ഥാപനങ്ങളെ പൊതുഗതാഗത അതോറിറ്റിയുമായി ബന്ധിപ്പിക്കുകയാണ് വാസൽ പ്ലാറ്റ്ഫോം ചെയ്യുന്നത്. ടാക്സികളുടെയും ലോറികളുടെയും കാർഗോ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ വാസൽ പ്ലാറ്റ്ഫോം പൊതുഗതാഗത അതോറിറ്റിയെ സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.