യാംബു: ഖത്തർ എയർവേസ് യാംബുവിൽനിന്ന് സർവിസ് പുനരാരംഭിക്കുന്നു. സർവിസ് ഡിസംബർ ആറ് മുതലാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. നേരത്തെ ഖത്തർ-സൗദി ബന്ധം മുറിഞ്ഞ കാലത്തായിരുന്നു സർവിസ് നിലച്ചത്. അതിന് തൊട്ടുമുമ്പായിരുന്നു യാംബുവിലേക്ക് സർവിസ് ആരംഭിച്ചത്. ഏതാനും സർവിസുകൾ മാത്രമേ നടത്തിയിരുന്നുള്ളൂ. അപ്പോഴേക്കും ബന്ധം നിലക്കുകയും സർവിസ് മുടങ്ങുകയും ചെയ്തു. യാംബുവിന് പുറമെ മറ്റു കേന്ദ്രങ്ങളിലേക്കും സർവിസ് ആരംഭിക്കും. ഈ മാസം 29ന് അൽ ഉലയിലേക്കും ഡിസംബർ 14ന് തബൂക്കിലേക്കും സർവിസ് ആരംഭിക്കും.
നിലവിൽ റിയാദ്, ജിദ്ദ, മദീന, ദമ്മാം, ഖസീം, താഇഫ് എന്നിവിടങ്ങളിലേക്കാണ് ഖത്തർ എയർവേസിെൻറ സർവിസുള്ളത്. പുതിയ സർവിസുകൾകൂടി വരുന്നതോടെ സൗദിയിലെ ഒമ്പത് നഗരങ്ങളുമായി ഖത്തർ എയർവേസിന് ബന്ധമാവും. സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിലേക്ക് ഖത്തർ സർവിസ് പുനരാരംഭിക്കുന്നത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകും. ആഴ്ചയിൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായി മൂന്നു സർവിസുകളാണ് യാംബുവിൽനിന്ന് ഉണ്ടാവുക.
യാംബുവിൽനിന്ന് രാവിലെ 11.20ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.40ന് ഖത്തറിൽ എത്തും. അവിടെ നിന്ന് രാവിലെ 7.20ന് പുറപ്പെടുന്ന വിമാനം രാവിലെ 10.15ന് യാംബുവിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവിസ് ക്രമീകരിക്കുന്നത്. യാംബുവിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമൊക്കെ കണക്ഷൻ വിമാനം ഉള്ളതിനാൽ പ്രവാസികൾക്ക് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കും ഖത്തർ എയർവേസ് വലിയ സൗകര്യമാണ്.
തബൂക്കിലേക്കും ആഴ്ചയിൽ മൂന്നു വിമാന സർവിസുകളിലേക്ക് ഇതിനകം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ, അൽ ഉലയിലേക്ക് ആഴ്ചയിൽ രണ്ടു സർവിസായിരിക്കും ഉണ്ടാവുകയെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾക്കൊപ്പം മിതമായ നിരക്കും ഏർപ്പെടുത്തിക്കൊണ്ടുള്ള സർവിസ് സാധാരണ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.