ജിദ്ദ: രാജ്യത്തിന് പുറത്തു നിന്ന് വാക്‌സിനെടുക്കാതെ വരുന്ന കമ്പനി തൊഴിലാളികളെ താമസിപ്പിക്കാൻ പ്രത്യേക സമ്പർക്കവിലക്ക് കേന്ദ്രങ്ങൾക്ക് ലൈസൻസ് അനുവദിക്കാൻ സൗദി അധികൃതർ.
സ്ഥാപനസമ്പക്കവിലക്ക് കേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകാൻ മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയമാണ് നടപടി തുടങ്ങിയത്. കോവിഡിനെ ഇല്ലാതാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് വിവിധ പ്രവേശന കവാടങ്ങൾ വഴി രാജ്യത്തേക്ക് വരുന്നവരെ സുരക്ഷിത രീതിയിൽ സ്വീകരിക്കുന്നതിനും താമസിപ്പിക്കുന്നതിനുമുള്ള സമ്പർക്കവിലക്ക് കേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകുന്നത്.
കേന്ദ്രങ്ങൾക്കുണ്ടായിരിക്കേണ്ട സൗകര്യങ്ങളും പാലിക്കേണ്ട നിബന്ധനകളും മന്ത്രാലയം വ്യക്തമാക്കി. സ്ഥലം, കെട്ടിടം, ഡിസൈൻ, കെട്ടിട നിലവാരം, ടോയ്‌ലറ്റുകൾ, ലൈറ്റിങ്, വെൻറിലേഷൻ, സെൻട്രൽ അടുക്കള, ജീവനക്കാർ, തൊഴിലാളികൾ, സൗകര്യങ്ങളും സേവനങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ലൈസൻസ് നൽകുക.
താമസക്കെട്ടിടങ്ങൾ വൃത്തിയുള്ളതാകണം, റിപ്പയറിങ് ജോലികൾ നടത്തണം, അണുവിമുക്തമാക്കുന്നതിന് കീട നിയന്ത്രണ കമ്പനിയുമായി കരാർ ഉണ്ടാക്കണം, കെട്ടിടങ്ങളും അവിടുത്തെ സൗകര്യങ്ങളും വൃത്തിയാക്കാനും അണുവിമുക്തമാക്കാനും ക്ലീനിങ് കമ്പനിയുമായി കരാർ ഉണ്ടാക്കണം, കാവലിനും നിരീക്ഷണത്തിനും കാമറകളും സെക്യൂരിറ്റി ജീവനക്കാരും ഉണ്ടായിരിക്കണം, ആവശ്യമായ ടോയ്‌ലറ്റുകൾ ഉണ്ടായിരിക്കണം, ക്യു.ആർ. കോഡ് ഫോമിലൂടെ വരുന്ന ആളുകൾക്ക് ബുക്കിങ് നൽകാനുള്ള വെബ്‌സൈറ്റ് ഉണ്ടാകണം, പ്രവേശന കവാടങ്ങളിൽ നിന്ന് ആളുകളെ സ്വീകരിക്കാനും സ്ഥാപനസമ്പർക്കവിലക്ക് ആസ്ഥാനത്തേക്ക് കൊണ്ടുപോകാനും സൗകര്യമുണ്ടായിരിക്കണം, ഓരോ യാത്രക്കാരനും രണ്ടു കോവിഡ് പരിശോധനകൾ നടത്തുന്നതിന് അംഗീകൃത മെഡിക്കൽ ലബോറട്ടറികളുമായി കരാർ ഉണ്ടാക്കണം, കോവിഡിനെയും ക്വാറൻറീനെയും കുറിച്ച് ബോധവത്കരണം നടത്തണം, വരുന്നവർ തവക്കൽന ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം എന്നിവയാണ് നിബന്ധനകൾ. റിയാദ്, ജിദ്ദ, ദമ്മാം, ദഹ്‌റാൻ എന്നിവിടങ്ങളിൽ ക്വാറൻറീൻ കേന്ദ്രങ്ങൾ തുടങ്ങാനുള്ള ലൈസൻസിനായി ഇതിനകം 25 അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. ഇത്രയും കെട്ടിടങ്ങളിലായി 3,276 പേരെ താമസിപ്പിക്കാൻ കഴിയും. 1,669 ആളുകളെ താമസിപ്പിക്കാൻ ശേഷിയുള്ള 10 കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകി. അതിൽ ആളുകളെ താമസിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
സ്ഥാപന സമ്പർക്കവിലക്ക് യോഗ്യതയുള്ള കെട്ടിടങ്ങളുടെ അപേക്ഷ ലഭിച്ചാൽ നിർദിഷ്ട ആവശ്യകതകളും മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തിയാൽ ഉടൻ തന്നെ ലൈസൻസ് അനുവദിക്കും. അംഗീകൃത സമ്പർക്കവിലക്ക്കേന്ദ്രങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തിെൻറ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കും.
എല്ലാ കേന്ദ്രങ്ങളും മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കണമെന്നും ആതുരശുശ്രൂഷക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും മുനിസിപ്പൽ-ഗ്രാമകാര്യ-ഭവന മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു. എല്ലാ നടപടിക്രമങ്ങളും പൊതുജനാരോഗ്യ അതോറിറ്റിയുടെ തുടർച്ചയായ വിലയിരുത്തലിന് വിധേയമായിരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.