ജിദ്ദ: ദുബൈയ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി ദുബൈയിൽ നടന്ന ഇൻറർനാഷനൽ കൗൺസിൽ ഓഫ് അറബിക് ലാംഗ്വേജ് സംഘടിപ്പിച്ച പത്താമത് അന്താരാഷ്ട്ര അറബിക് കോൺഫറൻസിൽ പങ്കെടുത്ത് തിരിച്ചെത്തിയ മുഹമ്മദ് ആര്യന്തൊടികക്ക് ജിദ്ദ അല്‍ ഹുദ മദ്റസ സ്റ്റാഫ് കൗൺസിൽ ഹൃദ്യമായ സ്വീകരണം നല്കി.
85 രാജ്യങ്ങളിൽ നിന്നായി 2,100 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ 95 സെഷനുകളിലായി അവതരിപ്പിച്ച 667 പ്രബന്ധങ്ങളില്‍ 'അറബി ഭാഷ: മാനവികത, സമൂഹം' എന്ന വിഷയത്തിലുള്ള പ്രബന്ധമാണ് മുഹമ്മദ് ആര്യന്തൊടിക അവതരിപ്പിച്ചത്.
ജിദ്ദയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ആര്യന്തൊടിക അരീക്കോട് സുല്ലമുസ്സലാമിൽ നിന്ന് അറബി ഭാഷയിൽ ബിരുദാനന്തര ബിരുദവും മേപ്പയൂർ സലഫി ടീച്ചർ എജുക്കേഷനിൽ നിന്ന് ബി.എഡും പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ നിന്നും എം.ബി.എയും കരസ്ഥമാക്കിയിട്ടുണ്ട്. 2020 മുതൽ യുനെസ്കോക്ക് കീഴിലുള്ള ഇന്റർനാഷനല്‍ കൗണ്‍സില്‍ ഓഫ് അറബിക് ലാംഗ്വേജ് അംഗമാണ്.
ഇന്ത്യക്കാരായ 23 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തില്‍ സൗദിയിൽ നിന്ന് അറബി പൗരന്മാർക്ക് പുറമെ പങ്കെടുത്ത ഏക ഇന്ത്യക്കാരൻ മുഹമ്മദ് ആര്യൻ തൊടികയാണ് എന്നതില്‍ ഏറെ അഭിമാനമുള്ളതായി മദ്റസപ്രിന്സിപ്പൽ ലിയാഖത്ത് അലി ഖാൻ സ്വീകരണ യോഗത്തില്‍ പറഞ്ഞു.
അറബി ഭാഷയുടെ മഹത്വവും പുതുതലമുറയിൽ അതിന്റെ സ്വാധീനവും ഇതര ഭാഷകളിൽ നിന്ന് അറബി ഭാഷയെ വ്യതിരിക്തമാക്കുന്നു. ഈ കാലത്തും പൈതൃകങ്ങളുടെയും പാരമ്പര്യത്തിൻറെയും ബലിഷ്ഠമായ ഉരുക്കു തറകളിൽ അറബി ഭാഷ വികസിച്ചുകൊണ്ടിരിക്കുകയാണ്.
അറബി ഭാഷ കേവലമായ വാർത്താ വിനിമയോപാധി എന്നതിനേക്കാളേറെ അതുൾക്കൊള്ളുന്ന വിശ്വമഹാ സംസ്കാരത്തിന്റെ പരിഛേദം കൂടിയാണ്.
നിമ്മിത ബുദ്ധിയുടെ നൂതന രീതികൾ ഉപയോഗിച്ച് പഠന ബോധന പ്രക്രിയ ലളിതമായ രീതിശാസ്ത്രങ്ങളും പഠനതന്ത്രങ്ങളും ഉപയോഗിച്ച് വിദ്യാർത്ഥികളിൽ അറബി ഭാഷ പഠനം സുഗ്രാഹ്യമാക്കാൻ സാധിക്കുമെന്ന് സ്വീകരണ യോഗത്തിന് മറുപടി നല്‍കിക്കൊണ്ട് മുഹമ്മദ് ആര്യന്തൊടിക പറഞ്ഞു. യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാന് ഫാറൂഖി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.