റിയാദ് : ജിദ്ദയിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ കോയമ്പത്തൂർ സ്വദേശി റഹ്മത്തുന്നീസയാണ് പാസ്പോർട്ട് നഷ്ടപ്പെട്ട് റിയാദ് എയർപോർട്ടിൽ കുടുങ്ങിയത്. ജിദ്ദയിൽനിന്ന് റിയാദ് വഴി കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിൽ കയറാനിരിക്കെ എയർ ബ്രിഡ്ജിൽവെച്ച് കൈയിലെ ബാഗ് ഉദ്യോഗസ്ഥർ ലഗേജിലിട്ടതാണ് വിനയായത്. ബോഡിങ് പാസും മരുന്നും പാസ്പോർട്ടും അടങ്ങിയ ബാഗ് ലഗേജിലിട്ടെങ്കിലും റിയാദിൽ ലഗേജ് എത്തിയില്ല. സാധ്യമായ തിരച്ചിലെല്ലാം നടത്തിയെങ്കിലും പാസ്പോർട്ടും ബാഗും കണ്ടെത്തിയില്ല. രേഖകളില്ലാതെ യാത്ര സാധ്യമാകാത്തതിനാൽ ബോഡിങ് പാസ് ഉണ്ടായിരുന്ന വിമാനം സഹയാത്രികരുമായി പറക്കുകയും ചെയ്തു. തുടർന്ന് റഹ്മത്തുന്നീസ നാട്ടിലെ ട്രാവൽ ഏജൻസിയെ വിളിച്ചു വിവരം പറഞ്ഞു.
ഏജൻസി ഉടമ അവരുടെ സുഹൃത്തും റിയാദിൽ പ്രവാസിയുമായ തമിഴ്നാട് സ്വദേശി ഫഹദിനെ വിളിച്ച് ഇങ്ങനെ വിഷയം ഉണ്ടെന്നും വേണ്ട സഹായം നൽകണമെന്നും അഭ്യർഥിച്ചു.ഫഹദ് ഇക്കാര്യം ട്വിറ്ററിൽ കുറിച്ച് ഇന്ത്യൻ എംബസിക്കും സൗദി വ്യോമയാന വകുപ്പിനും ടാഗ് ചെയ്തു. ട്വീറ്റ് ശ്രദ്ധയിൽപെട്ട എംബസി വിഷയത്തിലിടപെട്ടു. എംബസിയുടെ നിർദേശാനുസരണം സൗദിയിലെ ജീവകാരുണ്യപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്യോഗസ്ഥരുമായി സംസാരിച്ചശേഷം യാത്രക്കാരിയെ കണ്ടു. പാസ്പോർട്ട് ലഭിക്കാനുള്ള സാധ്യത മങ്ങിയപ്പോൾ എംബസിയിൽ റിപ്പോർട്ട് ചെയ്തു. ഔട്ട് പാസിനുള്ള രേഖകൾ പൂർത്തിയാക്കി സമർപ്പിക്കാൻ എംബസി സെക്കൻഡ് സെക്രട്ടറി സാരത കുമാർ ആവശ്യപ്പെട്ടു.
അടുത്ത ദിവസം താൽക്കാലിക പാസ്പോർട്ട് (ഔട്ട് പാസ്) അനുവദിച്ചു. റിയാദ് എയർ പോർട്ടിലെ ഉദ്യോഗസ്ഥർ സഹായിച്ചെന്നും, തന്റെ ഉമ്മയായി കാണുന്നെന്ന് പറഞ്ഞ് ഭക്ഷണത്തിനായി ഉദ്യോഗസ്ഥൻ നൂറ് സൗദി റിയാൽ നൽകിയെന്നും റഹ്മത്തുന്നീസ നന്ദിയോടെ ഓർത്തു. വ്യാഴാഴ്ച യാത്ര സാധ്യമാകുമ്പോൾ റിയാദ് എയർപോർട്ടിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനവും ഇന്ത്യൻ എംബസിയുടെയും ശിഹാബ് കൊട്ടുകാടിന്റെ ഇടപെടലും നന്ദിയോടെ ഓർത്താണ് റിയാദിൽനിന്ന് യാത്ര തിരിച്ചത്. പാസ്പോർട്ടോ പ്രധാന രേഖകളോ ഒരു കരണവശാലയും ലഗേജിൽ ഇടരുതെന്നും. ഉദ്യോഗസ്ഥർ നിർബന്ധിച്ചാൽ പ്രധാന യാത്ര രേഖകൾ എല്ലാം കൈയിൽ സൂക്ഷിക്കണമെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു. റഹ്മത്തുന്നീസയെ സഹായിക്കാൻ ഷിഹാബിനൊപ്പം ഷൈജു നിലമ്പൂർ,സാബു തോമസ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.