ജിദ്ദ: ജിദ്ദയിൽ കനത്ത ഇടിയും മഴയും. ഞായറാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് ജിദ്ദയിലും പരിസരങ്ങളിലും മഴ കനത്തത്. ശനിയാഴ്ച മുതൽ മേഖലയിൽ മഴ ആരംഭിച്ചിരുന്നു. ഞായറാഴ്ചയും ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു.
രാവിലെ മുതൽ ഇടിയും ചില ഭാഗങ്ങളിൽ ചാറ്റൽമഴയും തുടങ്ങി. 11 മണിയോടെ പട്ടണത്തിെൻറ മിക്കഭാഗങ്ങളിലും കനത്ത മഴയാണുണ്ടായത്. രണ്ടു വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴക്കാണ് ജിദ്ദ സാക്ഷ്യംവഹിച്ചത്. താഴ്ന്ന പ്രദേശങ്ങളിലും പല റോഡുകളിലും വെള്ളം കയറി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി.
കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. കാറ്റിനെ തുടർന്ന് നസീം, സുലൈമാനിയ ജില്ലകളിൽ മരങ്ങൾ നിലംപൊത്തി. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
ജിദ്ദയിലും പരിസരത്തും കനത്തമഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പിനെ തുടർന്ന് സിവിൽ ഡിഫൻസ്, ട്രാഫിക്, മുനിസിപ്പാലിറ്റി, ആരോഗ്യം, റെഡ്ക്രസൻറ് വകുപ്പുകൾക്ക് കീഴിൽ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. വെള്ളക്കെട്ടിനും ഒഴുക്കിനും കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ഫൈബർ ബോട്ടുകളടക്കമുള്ള രക്ഷാപ്രവർത്തന സംവിധാനങ്ങൾ ട്രാഫിക്കും സിവിൽ ഡിഫൻസും ഒരുക്കിയിരുന്നു. റോഡിലെയും അണ്ടർ പാസ്വേകളിലെയും വെള്ളം നീക്കാനും ശുചീകരണത്തിനും മുനിസിപ്പാലിറ്റി കൂടുതൽ തൊഴിലാളികളെ നിയോഗിക്കുകയും ഇവർക്കാവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും ഒരുക്കുകയും ചെയ്തിരുന്നു. മുഴുവൻ ആശുപത്രികൾക്ക് ജാഗ്രതനിർദേശം മേഖല ആരോഗ്യകാര്യ ഡയറക്ടറേറ്റ് നിൽകി. ഞായറാഴ്ച വരെ മേഖലയിൽ മഴയുണ്ടാകുമെന്നും മുൻകരുതൽ വേണമെന്നും മക്ക മേഖല ദുരന്തനിവാരണ കേന്ദ്രം നേരേത്ത മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, സൗദിയുടെ പടിഞ്ഞാറെ മേഖലകളിൽ കാലാവസ്ഥ വ്യതിയാനം തുടരുകയാണ്. മക്ക, തബൂക്ക് മേഖലകളുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടായി. അടുത്ത ചൊവ്വാഴ്ച വരെ പല മേഖലകളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിെൻറ അറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.