കനത്ത മഴയെത്തുടർന്ന് ജിദ്ദയിൽ റോഡിലുണ്ടായ വെള്ളക്കെട്ട്  (ഫോട്ടോ : മുഹമ്മദലി കാളങ്ങാടൻ)

സൗദിയിൽ മഴ തുടരുന്നു; ജിദ്ദയിൽ കനത്ത ഇടിയും മഴയും

ജിദ്ദ: ജിദ്ദയിൽ കനത്ത ഇടിയും മഴയും. ശനിയാഴ്​ച മുതൽ മേഖലയിൽ മഴ ആരംഭിച്ചിരുന്നു. ഞായറാഴ്​ച രാവിലെ മുതൽ ഇടിയും ചാറൽ മഴയും തുടങ്ങി. പതിനൊന്ന്​ മണിയോടെ​ പട്ടണത്തിന്‍റെ മിക്ക ഭാഗങ്ങളിലും കനത്ത മഴയാണുണ്ടായത്​.

രണ്ട്​ വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴക്കാണ്​ ജിദ്ദ പട്ടണം സാക്ഷ്യം വഹിച്ചത്​. താഴ്​ന്ന പ്രദേശങ്ങളിലും പല റോഡുകളിലും വെള്ളം കയറി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി.



കാറ്റിനെ തുടർന്ന്​ നസീം, സുലൈമാനിയ ഡിസ്​ട്രിക്​റ്റുകളിൽ മരങ്ങൾ നിലംപൊത്തി.​ വാഹനങ്ങൾക്ക്​ കേടുപാടുകൾ സംഭവിച്ചു. ജിദ്ദയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിനെ തുടർന്ന്​​ സിവിൽ ഡിഫൻസ്​, ട്രാഫിക്​, മുനിസിപ്പാലിറ്റി, ആരോഗ്യം, റെഡ്​ക്രസൻറ് വകുപ്പുകൾക്ക്​ കീഴിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.



വെള്ളക്കെട്ടിനും ഒഴുക്കിനും കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ഫൈബർ ബോട്ടുകളടക്കമുള്ള രക്ഷാപ്രവർത്തന സംവിധാനങ്ങൾ ട്രാഫിക്കും സിവിൽ ഡിഫൻസും ഒരുക്കിയിരുന്നു. റോഡിലെയും അണ്ടർ പാസ്​വേകളിലേയും ​വെള്ളം നീക്കുന്നതിനും ശുചീകരണത്തിനും മുനിസിപ്പാലിറ്റി കൂടുതൽ തൊഴിലാളികളെ നിയോഗിക്കുകയും ഇവർക്കാവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും ഒരുക്കുകയും ചെയ്​തിരുന്നു. മുഴുവൻ ആശുപത്രികൾക്കും ജാഗ്രതാ നിർദേശം മേഖല ആരോഗ്യകാര്യ ഡയറക്ട്രേറ്റ്​ നിൽകി. ഞായറാഴ്​ച വരെ മേഖലയിൽ മഴയുണ്ടാകുമെന്നും മുൻകരുതൽ വേണമെന്നും​ മക്ക മേഖല ദുരന്ത നിവാരണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു.

അതേസമയം, സൗദിയുടെ പടിഞ്ഞാറെ മേഖലകളിൽ കാലാവസ്ഥ വ്യതിയാനം തുടരുകയാണ്​. മക്ക,​ തബൂക്ക്​ മേഖലകളുടെ വിവിധ ഭാഗങ്ങളിലും ഞായറാഴ്​ച മഴയുണ്ടായി. അടുത്ത ചൊവ്വാഴ്​ച ​വരെ പല മേഖലകളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ്​​ കാലാവസ്ഥ വിഭാഗത്തിന്‍റെ അറിയിപ്പ്​.

Tags:    
News Summary - Rains continue in Saudi Arabia; Heavy thunder and rain in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.