റിയാദ്: മാസങ്ങളായി ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ രാജേഷ് സുമനസ്സുകളുടെ ഇടപെടലിനാൽ നാടണഞ്ഞു. കോഴിക്കോട് കക്കോടി സ്വദേശി കെ.പി. രാജേഷാണ് പ്ലീസ് ഇന്ത്യ എന്ന സംഘടനയുടെ ഇടപെടലിനാൽ നാടണയാനായത്. 2018 ഏപ്രിലിലാണ് സ്വന്തം ഇരുചക്ര വാഹനം വിറ്റുകിട്ടിയ 85,000 രൂപക്ക് ഏജൻസി വഴി ഹൗസ് ഡ്രൈവർ വിസ തരപ്പെടുത്തി രാജേഷ് സൗദിയിലെ നജ്റാനിലെത്തിയത്.
എത്തിയപ്പോഴാണ് സ്പോൺസർക്ക് ഹൗസ് ഡ്രൈവറുടെ ആവശ്യമില്ലെന്നും മറ്റു ജോലികൾ ചെയ്തു മുന്നോട്ടു പോകാനും നിർദേശിച്ചത്. തുടർന്ന് മറ്റൊരു മലയാളി കരാർ ജോലിക്കാരനുമായി ചേർന്ന് ചെറിയ പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികൾ ചെയ്തുവരുകയായിരുന്നു.
ഇങ്ങനെ ലഭിക്കുന്ന ചെറിയ തുകയിൽനിന്നും സ്പോൺസർക്ക് മാസന്തോറും നിശ്ചിത തുക നൽകിക്കൊള്ളാമെന്ന് കരാർ രാജേഷ് ചെയ്തിരുന്നു. എന്നാൽ കരാർ ഏറ്റെടുത്തു ചെയ്ത ജോലികളിൽ ചില ഇടങ്ങളിൽനിന്ന് പണം കിട്ടാതായതോടെ രാജേഷിെൻറ ജീവിതം ദുരിതത്തിലായി. സ്പോൺസർക്ക് കരാർ പ്രകാരം മാസന്തോറും പണം നൽകാതായപ്പോൾ രാജേഷിനെ സ്പോൺസർ 'ഉറൂബ്' ആക്കി. തുടർന്ന് ചെറിയ ജോലികൾ പോലും ഏറ്റെടുത്ത് നടത്താനാകാതെ രാജേഷ് പ്രയാസത്തിലായി. ഒടുവിൽ നാട്ടിലേക്ക് മടങ്ങാനുള്ള വിമാനടിക്കറ്റിനു പോലും പണമില്ലാതെ ബുദ്ധിമുട്ടിലായ രാജേഷ് സുഹൃത്ത് വഴി പ്ലീസ് ഇന്ത്യയുടെ സഹായം അഭ്യർഥിച്ചു.
തുടർന്ന് സംഘടന ചെയർമാൻ ലത്തീഫ് തെച്ചിയും മറ്റുനേതാക്കളും വിഷയത്തിൽ ഇടപെട്ടു. സ്പോൺസറുമായി ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റ് നേടിയെടുക്കുകയുമായിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് പ്ലീസ് ഇന്ത്യ നൽകി. കഴിഞ്ഞദിവസം റിയാദിൽനിന്ന് രാജേഷ് നാട്ടിലേക്ക് വിമാനം കയറി.
പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിക്കൊപ്പം അൻഷാദ് കരുനാഗപ്പള്ളി, അഡ്വ: ജോസ് എബ്രഹാം, സുധീഷ് അഞ്ചുതെങ്ങ്, നീതു ബെൻ, അഡ്വ: റിജി ജോയ്, മൂസ മാസ്റ്റർ, വിജയ ശ്രീരാജ്, റബീഷ് കോക്കല്ലൂർ, സൂരജ് കൃഷ്ണ, റിനോയ് വയനാട്, സഫീർ ത്വാഹ തുടങ്ങിയവർ സേവനരംഗത്ത് മുന്നിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.