റിയാദ്: റമദാനും പെരുന്നാളും മറ്റ് ഉത്സവങ്ങളും ആദ്യമെത്തുന്നത് റിയാദിലെ പൈതൃക ചന്തയായ ദീരയിലാണ്. വ്രതമാസത്തെ വരവേൽക്കാൻ ചില അറേബ്യൻ പരമ്പരാഗത രീതികളുണ്ട്. വൃത്തിയാക്കിയും അലങ്കാരങ്ങൾ തൂക്കിയും വീടും പരിസരവും ഒരുക്കുന്നതാണ് അതിൽ ആദ്യത്തേത്.
ആത്മീയാനുഭവം പകരും പ്രത്യേകതരം തോരണങ്ങൾ, വിളക്കുകൾ, ചിത്രങ്ങൾ, അറബ് കാലിഗ്രഫി ചിത്രവേലൾ, വിവിധ അലങ്കാര വസ്തുക്കൾ എന്നിവ കൊണ്ട് വീടും പ്രാർഥനായിടങ്ങളും അലങ്കരിക്കും. റമദാൻ രാവുകൾ പുലരുവോളം സൗഹൃദം പങ്കിടാൻ ഒരുമിച്ചുകൂടുന്ന രീതി തലമുറകൾ കൈമാറി തുടരുന്ന സൗദി ജീവിതത്തിന്റെ അനുശീലങ്ങളാണ്. മുറ്റത്തോ വീടിനോട് ചേർന്നോ നിർമിച്ച മജ്ലിസ് (സൽക്കാര മുറി)യിലാണ് കൂടിയിരിപ്പും സൗഹൃദം പങ്കുവെക്കലും.
റമദാനുമുമ്പ് ഇത്തരം മജ്ലിസുകളും അറബ് പാരമ്പര്യം ചോരാത്ത മാതൃകയിൽ മനോഹരമായി ഒരുക്കുക പതിവാണ്. അവിടെ പുകയാൻ നല്ലയിനം ബഹൂറുകൾ (സുഗന്ധപുകയുണ്ടാകുന്ന ഊദ് പൊടി) വേണം. അതിഥികളായെത്തുന്ന സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പകർന്നുകൊടുക്കാൻ ഏറ്റവും മുന്തിയ ഖഹ്വയും അതിൽ ചേർക്കാൻ കുങ്കുമപ്പൂവും വാങ്ങണം. ചവർപ്പുള്ള ഖഹ്വയോടൊപ്പം സമം ചേർത്ത് കഴിക്കാൻ സുക്കരി ഈത്തപ്പഴം വേണം. ഇതെല്ലാം ഉപഭോക്താക്കൾക്കായി ദീര സൂഖിലെമ്പാടും അണിനിരന്നുകഴിഞ്ഞു.
സുഗന്ധദ്രവ്യങ്ങൾ, ഭക്ഷണവസ്തുക്കൾ, കളിക്കോപ്പുകൾ, ഓഫിസ് പഠന സാമഗ്രികൾ, വസ്ത്രങ്ങൾ, അലങ്കാര വസ്തുക്കൾ, അറേബ്യൻ പുരാതന വസ്തുക്കൾ, ആഡംബര വാച്ചുകൾ, പാദരക്ഷകൾ തുടങ്ങി എല്ലാം ലഭ്യമാകുന്ന ഒരു ‘കോമ്പോ’ ചന്തയാണ് ദീര. പല തെരുവുകളായി തിരിച്ച ദീര ചന്തക്ക് സൗദി അറേബ്യയേക്കാൾ പ്രായമുണ്ട്. മൊത്തവ്യാപാരികളും ചെറുകിട കച്ചവടക്കാരുമുള്ള ദീര മാർക്കറ്റിലാണ് സൗദി അറേബ്യയിലെ എല്ലാ ആഘോഷങ്ങളുടെയും നിലാവ് ആദ്യം ഉദിക്കുന്നത്.
റമദാന്റെ വരവായതോടെ രാത്രി ഏറെ വൈകിയാണ് ദീരയിൽ തിരക്കൊഴിയുന്നത്. കടുത്ത ഗതാഗത തടസ്സം നേരിടുന്നതിനാൽ തിരക്ക് ശ്രദ്ധിക്കാനും കാൽനടക്കാർക്ക് പ്രയാസം സൃഷ്ടിക്കാത്തവിധം വാഹനങ്ങൾ നിയന്ത്രിക്കാനും സൂഖ് അടയുംവരെ ട്രാഫിക് പൊലീസിന്റെ സാന്നിധ്യമുണ്ടാകും.
രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ കച്ചവടക്കാരും നഗരത്തിനകത്തെ ചെറുകിട വൻകിട വ്യാപാരികളും സാധാരണ ജനങ്ങളും അവർക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങാനെത്തുന്ന ദീര പൂർണമായും തിരക്കിലുണർന്നുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.