ജിദ്ദ, പുണ്യകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ലോകത്തിെൻറ നാനാദിക്കുകളിൽനിന്നും ജനകോടികൾ വന്നിറങ്ങുന്ന നഗരം. ചെങ്കടലിെൻറ തീരത്തെ അതിപുരാതനമായ പട്ടണത്തിെൻറ വികസിത രൂപമാണ് ഇൗ മഹാനഗരം. അറബ്സമൂഹത്തിലെ ഹിജാസികളുടെ നാട്. പാരമ്പര്യവും പൈതൃകവും ഏറെയുള്ള സമൂഹമാണ് ഹിജാസികളുടേത്. ജിദ്ദയിലെ പുരാതന നഗരമാണ് ബലദ്. ഹിജാസി പൈതൃകങ്ങളുടെ തട്ടകം. ഇൗ ചെറുപട്ടണം വളർന്ന് വികസിച്ചതാണ് ഇന്നത്തെ ജിദ്ദ. റമദാനിലെ 30 രാത്രികളും ഇൗ പുരാതനനഗരത്തിന് ആഘോഷത്തിേൻറതാണ്. തറാവീഹ് നമസ്കാരം കഴിഞ്ഞ് രാത്രി 10 മണി മുതൽ പുലർച്ചെ രണ്ടു വരെ നീളുന്നതാണ് മേള. നൂറ്റാണ്ടുകൾക്കുമുമ്പ് ഞങ്ങളുടെ റമദാൻ ഇങ്ങനെയായിരുന്നു എന്ന് പരിചയപ്പെടുത്തുന്ന നിറമുള്ള മേളയാണിവിടെ. ‘റമദാനുനാ കിദാ’ എന്നാണ് ഇൗ ഉത്സവത്തിെൻറ പേര്.
ഇതിനർഥം ‘അന്ന് ഞങ്ങളുടെ റമദാൻ ഇങ്ങനെയായിരുന്നു’ എന്നാണ്. രാവിനെ പകലാക്കുന്ന പാൽവെളിച്ചത്തിൽ, സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബം ഉത്സവപ്പറമ്പിലൂടെ കറങ്ങിനടക്കുന്നതു കാണാം. കൂടുതലും തദ്ദേശീയരാണ് കുടുംബസമേതം ഇവിടെയെത്തുക. വൈവിധ്യമാര്‍ന്ന വൈദ്യുതിദീപങ്ങളാല് അണിയിച്ചൊരുക്കിയ ബലദ് ആഘോഷനഗരിയുടെ കവാടത്തിലെത്തുന്ന സന്ദര്‍ശകരെ പരമ്പരാഗത വേഷമണിഞ്ഞ പുരുഷന്മാൻ ചെറുനൃത്തച്ചുവടുകളോടൊപ്പം ഹിജാസിയന്‍ സ്വാഗതഗാനത്തോടെയാണ് അകത്തേക്ക് സ്വീകരിക്കുക. ചരിത്രത്തിെൻറ പുനരാവിഷ്കാരമാണ് ഇവിടെയൊരുക്കുന്ന ഒാരോ കാഴ്ചയും.
അറബ് നാടൻകലാപ്രകടനങ്ങൾ, കരകൗശലപ്രദർശനം, ചന്തകൾ, സാംസ്കാരിക സദസ്സുകൾ, ഭക്ഷണശാലകൾ എല്ലാം പഴയകാലത്തിെൻറ പ്രതാപചരിതം നമുക്ക് പരിചയപ്പെടുത്തും. ഇവിടത്തെ പുരാതന വീടുകൾക്കകത്ത് പ്രതാപകാലജീവിതത്തിെൻറ പുനരാവിഷ്കാരമുണ്ട്. നൂറ്റാണ്ടുകൾക്കുമുമ്പ് ഹിജാസികൾ നയിച്ച പരിഷ്കാരജീവിതത്തിെൻറ അടയാളങ്ങളുണ്ട്. അന്ന് അവർ അതിഥികളെ സ്വീകരിച്ചിരുത്തിയ രീതി. വിരുന്നുകാർക്കുവേണ്ടി അവർ പാടിയ പാട്ടുകൾ, ബയ്ത്തുകൾ, ഉപചാരങ്ങൾ എല്ലാം ഇൗ മേളയിൽ പുനരാവിഷ്കരിക്കും. നാം കേട്ടറിഞ്ഞ അറബ് ജീവിതമോ സംസ്കാരമോ അല്ല ഇവിടെ ഉണ്ടായിരുന്നത് എന്ന് സന്ദർശകരെ മേള ബോധ്യപ്പെടുത്തും.
മേളയോടനുബന്ധിച്ച് ബലദിലെ പുരാതന കെട്ടിടങ്ങളെ അതിമനോഹരമായി അലങ്കരിക്കും. നാടന്‍കലകളുടെ മേളമാണ് റമദാനുനാ കിദാ. അണിഞ്ഞൊരുങ്ങിയ കുരുന്നുകള്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ടുകളുടെ ശീലുകള്‍, അതിനനുസരിച്ചുള്ള കൈകൊട്ടിപ്പാട്ട്, കരകൗശല വസ്തുക്കള്‍ വിറ്റുനടക്കുന്ന നാടോടികള്‍... അങ്ങനെ ആകര്‍ഷകമായ ധാരാളം കൗതുകക്കാഴ്ചകള്‍. പരമ്പരാഗത വസ്തുക്കളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്. അറബികളുടെ നോമ്പുതുറ വിഭവങ്ങളായ സൂബിയ, ബേരി, ശുര്ബ മുതല്‍ കാരക്കയും ഉണക്കപ്പഴങ്ങളും ചേര്‍ത്തുള്ള വിവിധയിനം പലഹാരങ്ങളുടെ പ്രത്യേക കടകള്‍, പഴയകാല സൗദിയിലെ നോമ്പുതുറയുടെ അവിഭാജ്യഘടകമായ കടലകൊണ്ടുണ്ടാക്കിയ ‘ബലീല’യുടെ ബസ്തകൾ. സൂബിയയും ബലീലയും വിൽക്കുന്ന കച്ചവടക്കാര്‍ നമ്മുടെ നാട്ടിലെ ആഴ്ചച്ചന്തകളിലേതുപോലെ ആളുകളെ ആകർഷിക്കാൻ ബഹളംകൂട്ടുന്ന കാഴ്ചകൾ.
ഇഫ്താറിനും അത്താഴത്തിനും പരമ്പരാഗത അറബ് വിഭവങ്ങള്‍ ലഭ്യമാക്കുന്ന പ്രത്യേക ഭക്ഷണശാലകളും മേളയിലുണ്ടാവും. കരള്‍ വിഭവമായ ‘നാടന്കിബ്ദ’ പ്രത്യേക രീതിയില്‍ തയാറാക്കിയാണ് നല്‍കുന്നത്. കുടുംബസമേതം റമദാന് രുചി ആസ്വദിക്കാനെത്തുന്നവര്ക്കിടയില് ഇതിന് വലിയ സ്വീകാര്യതയാണ്.
റമദാനിലേക്കും പെരുന്നാളിലേക്കും വേണ്ട മുഴുവന്‍ വിഭവങ്ങളും ലഭ്യമാക്കുന്ന പഴയ ചന്തയുടെ പുനരാവിഷ്കാരം ‘സൂഖ് സമാനി’ല്‍ കാണാം. പരമ്പരാഗത വസ്തുക്കളുടെയും ഭക്ഷണങ്ങളുടെയും പ്രദര്‍ശനം ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു. പുരാതന വസ്ത്രങ്ങള്‍, മ്യൂസിക് ഉപകരണങ്ങള്‍, കളിക്കോപ്പുകള്‍, വീട്ടുസാധനങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍, പാനീയങ്ങള്‍ തുടങ്ങി സൗദി പാരമ്പര്യത്തനിമ വിളിച്ചോതുന്ന അതിമനോഹരമായ പ്രദര്‍ശന സ്റ്റാളുകൾ. പരമ്പരാഗത ഹിജാസിയന്‍ വേഷമണിഞ്ഞ് മേളക്കെത്തുന്നവരെയും കാണാം.
നമ്മുടെ നാട്ടിൽ പണ്ട് ഉണ്ടായിരുന്നതുപോലെ അത്താഴംമുട്ടുകാര് ജിദ്ദയിലുമുണ്ടായിരുന്നു. ഈ മേളയിൽ അത്താഴംമുട്ടുകാരെ പുനരാവിഷ്കരിക്കുന്നുണ്ട്.
ജിദ്ദയിലെ ധനാഢ്യരായ പുരാതന കുടുംബങ്ങളുടെ ശേഷിപ്പുകളായ നിരവധി കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. മരത്തടികൊണ്ട് പണിത പ്രത്യേക തരം ജനലുകളുള്ള കെട്ടിടങ്ങള്‍ വാസ്തുവിദ്യ വിളിച്ചറിയിക്കുന്നവയാണ്. ഇന്ത്യയില്‍നിന്നുള്ള കൽപ്പണിക്കാരാണ് ഇവ നിർമിച്ചതെന്ന് പറയപ്പെടുന്നു. സൗദി അറേബ്യയിലെ ആദ്യത്തെ അമേരിക്കന്‍ എംബസി അടക്കമുള്ളവ ബലദിലായിരുന്നു സ്ഥിതിചെയ്തത്. ഖലീഫ ഉമറിെൻറ കാലത്ത് നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്ന മസ്ജിദ് ശാഫി പുനര്‍നിര്‍മിച്ച് പ്രാര്‍ഥനക്കായി തുറന്നുകൊടുത്തിട്ടുണ്ടിവിടെ. യുനെസ്കോ പൈതൃക പട്ടികയില്‍ ഇടംനേടിയ ഈ പ്രദേശം ഇന്ന് സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ആയിരക്കണക്കിന് സന്ദര്‍ശകരാണ് റമദാൻ കഴിയുേമ്പാഴേക്കും മേളയിൽ വിരുന്നെത്തുന്നത്. റമദാൻ കഴിയുന്നതോടെ ‘റമദാനുനാ കിദാ’യുടെ വേദി ‘ഇൗദുനാ കിദാ’ക്ക് വഴിമാറും. റമദാൻ കഴിയുന്നതോടെ കൂടുതൽ നിറപ്പകിട്ടാർന്ന ആഘോഷപരിപാടികളാണ് ‘ഇൗദുനാ കിദാ’ (ഞങ്ങളുടെ ഇൗദ് ഇങ്ങനെയായിരുന്നു) എന്ന മേളയിലുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.