ജിദ്ദ: റമദാനിൽ മസ്ജിദുൽ ഹറാമിൽ ഉംറക്കും നമസ്കാരത്തിനും കൂടുതൽ പേർക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി ഇരുഹറം കാര്യാലയം വ്യക്തമാക്കി. ഉംറക്ക് ദിവസം 50,000 പേർക്കും നമസ്കാരത്തിന് ഒരുലക്ഷം പേർക്കുമാണ് അനുമതി. കോവിഡ് വാക്സിനെടുത്തവർക്കായിരിക്കും അനുമതി. രണ്ടു ഡോസ് എടുത്തവർ അല്ലെങ്കിൽ ആദ്യഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവർ, രോഗബാധയിൽ നിന്ന് സുഖം പ്രാപിച്ചവർ എന്നിവർക്കാണ് ഹറമിലേക്ക് പ്രവേശനാനുമതിയെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
വാക്സിനേഷൻ എടുത്തുവെന്ന് തവക്കൽനാ ആപ്പിൽ കാണിച്ചിരിക്കണം. ഉംറക്കും നമസ്കാരത്തിനും സിയാറത്തിനുമുള്ള അനുമതിപത്ര ബുക്കിങ് ഇഅ്തമർനാ, തവൽക്കനാ ആപ്പിലൂടെയായിരിക്കും. റമദാനിൽ മക്കയിലെ ഹറം പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് സേവനം ചെയ്യുന്നതിനായി സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെയുള്ള പരിശീലനം ലഭിച്ച 4442 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
കഅ്ബക്കും ചുറ്റും ത്വവാഫ് ചെയ്യുന്നതിനായി 14 വരികളുണ്ടാകും. ഇതിൽ കഅ്ബയോടു ചേർന്ന് ആദ്യത്തെ മൂന്നു വരികൾ പ്രായമേറിയവർക്കും ശാരീരികപ്രയാസങ്ങളുള്ളവർക്കും അംഗപരിമിതർക്കും മാത്രമായിരിക്കും.
സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം ത്വവാഫും മറ്റു കർമങ്ങളും നടത്തേണ്ടത്. വിമാനത്താവളം വഴിയെത്തുന്ന തീർഥാടകർക്ക് സേവനം ചെയ്യുന്നതിനായി സിവിൽ ഏവിയേഷൻ അതോറിറ്റിക്കു കീഴിലും ഒരുക്കങ്ങൾ സജീവമാണ്.ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ തീർഥാടകരെ സ്വീകരിക്കുന്നതിനും തിരിച്ചയക്കുന്നതിനുമായി നോർത്ത് ടെർമിനലിലും ഒന്നാം നമ്പർ ടെർമിനലിലും ക്രമീകരണങ്ങൾ നടന്നുവരുന്നു. തീർഥാടകർക്ക് വിമാനത്താവളത്തിൽ യാത്രാസൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.